tirur-satheesh

തൃശൂർ: ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിൽ ഒമ്പത് കോടിയുടെ കള്ളപ്പണം കൊണ്ടുവന്നിരുന്നെന്ന് പൊലീസിന് മൊഴി നൽകിയതായി ജില്ലാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ്‌കുമാർ, ജനറൽ സെക്രട്ടറി കെ.ആർ.ഹരി, ട്രഷറർ സുജേഷ് സേനൻ എന്നിവരാണ് കള്ളപ്പണ ഇടപാടുകൾക്ക് നേതൃത്വം കൊടുത്തത്. ആറ് ചാക്കിലായാണ് പണം കൊണ്ടുവന്നത്. അതിൽ മൂന്ന് ചാക്ക് ജില്ലാ ട്രഷറർ മൂന്ന് പേർക്ക് കൈമാറി. എവിടേക്ക് കൊണ്ടുപോയെന്ന കാര്യം അറിയില്ല. ധർമരാജൻ പണമെത്തിച്ച ദിവസം തന്നെയാണ് മൂന്ന് ചാക്കുകൾ ഓഫീസിൽ നിന്ന് കൊണ്ടുപോയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഒന്നരക്കോടി രൂപ ഒരു ചാക്കിലും ബിഗ് ഷോപ്പറിലുമായി കൊണ്ടുപോയി. . ജില്ലാ പ്രസിഡന്റിന്റെ കാറിലാണ്കൊണ്ടുപോയത്. ഹരിയും സുജേഷ് സേനനും ഒപ്പമുണ്ടായിരുന്നു.ഈ പണം പിന്നീട് ആരെല്ലാം ചേർന്ന് വീതം വച്ചെന്ന് അറിയില്ല. പൊലീസ് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ വെളിപ്പെടുത്തലിന്റെ അനുബന്ധ രേഖകൾ തത്കാലം പ്രദർശിപ്പിക്കുന്നില്ലെന്ന് സതീഷ് പറഞ്ഞു.