con

തൃശൂർ: സി.പി.എം - ബി.ജെ.പി അന്തർധാരയുടെ രണ്ടാമത്തെ ഉത്പന്നമാണ് പി.ആർ.അരവിന്ദാക്ഷന്റെ ജാമ്യമെന്ന് മുൻ എം.എൽ.എ അനിൽ അക്കര. കരുവന്നൂർ കേസ് ആവിയാക്കിയതിന്റെ ഭാഗമായാണ് തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് വിജയം ഒരുക്കിക്കൊടുത്ത ആദ്യത്തെ കടമ്പയെന്നും അക്കര ആരോപിച്ചു. സുരേഷ് ഗോപിയുടെ വിജയത്തോടെ കരുവന്നൂർ കേസിലെ ഇ.ഡി അന്വേഷണത്തെ സംബന്ധിച്ച് ഇപ്പോൾ ഒന്നും കേൾക്കാനില്ല. തിരഞ്ഞെടുപ്പിന് മുമ്പ് സുരേഷ് ഗോപി കരുവന്നൂർ വിഷയത്തിൽ പദയാത്ര വരെ നടത്തി വിഷയം ആളിക്കത്തിച്ചെങ്കിലും പിന്നീട് മറന്നു. ഇതു സംബന്ധിച്ച് കാര്യമായ ചർച്ചകൾ തിരഞ്ഞെടുപ്പിലുമുണ്ടായില്ല. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അനിൽ അക്കര അന്തർ‌ധാര ആരോപണം ഉന്നയിച്ചത്.

പി.ആർ.അരവിന്ദാക്ഷൻ അറസ്റ്റിലായതോടെ മുൻ മന്ത്രി എ.സി.മൊയ്തീനെയും ജില്ലാ സെക്രട്ടറി എം.എം.വർഗീസിനെയും ഇ.ഡി പല തവണ ചോദ്യം ചെയ്തിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പാണ് ചോദ്യം ചെയ്യൽ തുടർന്നത്. അരവിന്ദാക്ഷനുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് സി.പി.എം നേതാവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ.കണ്ണനെയും ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. കേസുമായി ബന്ധപ്പെടുത്താൻ ആവശ്യമായ തെളിവില്ലാത്തതിനാൽ പിന്നീട് വിളിച്ചില്ല. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കരുവന്നൂർ വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വവുമായി രഹസ്യ ഒത്തുതീർപ്പ് നടത്തിയതിന്റെ ഫലമായാണ് സി.പി.എം നേതാക്കളെ പിന്നീട് ചോദ്യം ചെയ്യാൻ പോലും വിളിപ്പിക്കാത്തതെന്നും അനിൽ ആരോപിച്ചു.

2023 സെപ്തംബർ 26നാണ് വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന അരവിന്ദാക്ഷൻ അറസ്റ്റിലായത്. തൃശൂർ പൂരം കലക്കിയെന്ന് പ്രതിപക്ഷ പാർട്ടികളും സി.പി.ഐയും ആരോപിക്കുമ്പോൾ പൂരം കലങ്ങിയിട്ടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിയും. വെടിക്കെട്ട് വൈകുക മാത്രമാണുണ്ടായതെന്നാണ് സി.പി.എമ്മിന്റെ വാദം. പൂരം കലക്കിയത് ബി.ജെ.പിക്ക് വേണ്ടിയാണെന്ന വ്യാപക പ്രചാരണം നടക്കുമ്പോൾ സി.പി.എം അത് തള്ളിയതിൽ സി.പി.ഐയിലും അതൃപ്തി പ്രകടമാണ്. മുൻമന്ത്രിയും സ്ഥാനാർത്ഥിയുമായിരുന്ന വി.എസ്.സുനിൽകുമാർ പൂരം കലക്കിയത് തന്നെയാണെന്ന് ആവർത്തിക്കുകയും ചെയ്തിരുന്നു.