
തൃശൂർ: സി.പി.എം ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാക്കി ഏരിയ സമ്മേളനങ്ങളിലേക്ക് കടക്കുമ്പോൾ മറ്റിടങ്ങളിലെ പോലെ വിഭാഗീയതയുടെ അനുരണനങ്ങളില്ലാതെ നോക്കാൻ ജാഗ്രതയോടെ ജില്ലാ നേതൃത്വം. 17 ഏരിയ കമ്മിറ്റികളാണ് ജില്ലയിലുള്ളത്. ഡിസംബർ ആറ് മുതലാണ് ഏരിയ സമ്മേളനമാരംഭിക്കുക. ആദ്യം കൊടുങ്ങല്ലൂർ, ചേർപ്പ്, ചേലക്കര ഏരിയ സമ്മേളനങ്ങളാണ് നടക്കുക. ഒരു മാസം നീളുന്ന സമ്മേളനം ചാലക്കുടിയിൽ സമാപിക്കും. വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി സമ്മേളനമൊഴിച്ചാൽ മൂന്ന് ദിവസമാണ് സമ്മേളനം. രണ്ട് ദിവസമാണ് അവിടെ സമ്മേളനം. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ എം.പി, സംസ്ഥാന സെക്രട്ടേറിയേറ്റംഗം പി.കെ.ബിജു, എം.കെ.കണ്ണൻ, എൻ.ആർ.ബാലൻ, എം.എം.വർഗീസ്, എ.സി.മൊയ്തീൻ എന്നിവരാണ് പ്രതിനിധി സമ്മേളനങ്ങളിൽ പങ്കെടുക്കുക. ലോക്കൽ സമ്മേളനങ്ങളിൽ പ്രാദേശിക വിഷയങ്ങളൊഴിച്ച് കാര്യമായ വിമർശനമുയർന്നിരുന്നില്ല. പല ഏരിയകളിലും സെക്രട്ടറിമാരിൽ പലരിലും മാറ്റം വന്നേക്കാം.
കരുവന്നൂരും സർക്കാരിന്റെ പ്രവർത്തനവും
ജില്ലയിലെ സമ്മേളനങ്ങളിൽ കൂടുതൽ ചർച്ച ചെയ്യപ്പെടുക സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങളാകും. കഴിഞ്ഞ സമ്മേളന കാലയളവിലും ഏറെ വിമർശനമുയർന്ന കരുവന്നൂർ ഉൾപ്പെടെ നിരവധി സംഘങ്ങൾക്ക് നേരെ ഉയർന്ന ആരോപണങ്ങൾ സി.പി.എമ്മിനെ തിരഞ്ഞെടുപ്പുകളിലും വല്ലാതെ ഉലച്ചിരുന്നു. പലരും പാർട്ടി നടപടി നേരിട്ടിരുന്നു. ഇരിങ്ങാലക്കുട, ഒല്ലൂർ, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ ഇത് പ്രകടമായേക്കും. കരുവന്നൂർ വിഷയവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.ആർ.അരവിന്ദാക്ഷന് മാസങ്ങളോളം ജയിലിൽ കിടക്കേണ്ടി വന്നതും ഒല്ലൂരിൽ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നേതാക്കൾക്കെതിരെ നടപടി വന്നതുമെല്ലാം ചർച്ചയാകും. ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനമുൾപ്പെടെ സർക്കാരിന്റെ പ്രവർത്തനം വിലയിരുത്തപ്പെടും.
ജില്ലാ സമ്മേളനം ഫെബ്രുവരിയിൽ
ജില്ലാ സമ്മേളനം ഫെബ്രുവരി 9, 10, 11 തിയതികളിൽ കുന്നംകുളത്ത് നടക്കും. രണ്ട് ടേമായി ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന എം.എം.വർഗീസ് ഇത്തവണയും തുടരുമോയെന്ന കാര്യത്തിൽ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. കഴിഞ്ഞസമ്മേളനത്തിൽ 12 പുതുമുഖങ്ങളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു.
ഡിസംബർ ആറ് മുതൽ കൊടുങ്ങല്ലൂർ, ചേർപ്പ്, ചേലക്കര
12 മുതൽ വടക്കാഞ്ചേരി, കൊടകര, ചാവക്കാട്, മണ്ണുത്തി
16 മുതൽ വള്ളത്തോൾ നഗർ, കുന്നംകുളം, തൃശൂർ
18 മുതൽ മാള, നാട്ടിക, ഇരിങ്ങാലക്കുട, പുഴയ്ക്കൽ
21 മുതൽ ഒല്ലൂർ, മണലൂർ
26 മുതൽ ചാലക്കുടി.