#സ്പെഷ്യൽ റൂളായില്ല:

തൃശൂർ: സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലുമുള്ള കണ്ടിജന്റ് ജീവനക്കാരെ തദ്ദേശസ്ഥാപന പൊതുസർവീസിൽ ഉൾപ്പെടുത്താനുള്ള സ്‌പെഷ്യൽ റൂൾസ് തയ്യാറാകാത്തതിനാൽ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ആക്ഷേപം. 6,207 കണ്ടിജന്റ് ജീവനക്കാർക്കാണ് സ്ഥാനക്കയറ്റം, സ്ഥലംമാറ്റം, പ്രൊമോഷൻ എന്നിവ ലഭിക്കാത്തത്.

. കണ്ടിജന്റ് ജീവനക്കാർക്ക് സ്‌പെഷ്യൽ റൂൾ തയ്യാറാക്കാനുള്ള നടപടി തുടരുന്നതായി കഴിഞ്ഞ ജനുവരിയിൽ മന്ത്രി എം.ബി.രാജേഷ് നിയമസഭയിൽ പറഞ്ഞിരുന്നു. നടപടി പുരോഗമിക്കുകയാണെന്ന് നഗരകാര്യ പ്രിൻസിപ്പൽ ഡയറക്ടറും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഒരു കൊല്ലമാകാറായിട്ടും റിപ്പോർട്ട് തയ്യാറാകാത്തതാണ് കണ്ടിജന്റ് ജീവനക്കാരെ ആശങ്കയിലാക്കുന്നത്. യോഗ്യതയുള്ളവർക്ക് പത്ത് ശതമാനം സംവരണം നൽകി തസ്തിക മാറ്റവും ലഭിക്കുന്നില്ല. എന്നാൽ മറ്റ് വകുപ്പുകളിലുള്ളവർക്ക് ഇവ ലഭിക്കുന്നു. കണ്ടിജന്റ് ജീവനക്കാരുടെ പേര് റ്റി ഹെൽത്ത് വർക്കർ എന്നാക്കിയില്ലെന്നും ജീവനക്കാർ പരാതിപ്പെടുന്നു.

പ്രിൻസിപ്പൽ ഡയറക്ടറുടെ പ്രൊപ്പോസൽ ലഭിക്കുന്ന മുറയ്ക്ക് സർക്കാർ തുടർനടപടിയെടുക്കുമെന്നാണ് മന്ത്രി പറഞ്ഞിട്ടുള്ളത്. പ്രൊപ്പോസൽ തയ്യാറാക്കാനുള്ള കാലതാമസം ഒഴിവാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. നിലവിലുള്ള നിയമമനുസരിച്ച് കണ്ടിജന്റ് ജീവനക്കാരെ സർക്കാർ ജീവനക്കാരായി കണക്കാക്കാനാകില്ല. ഇത് മറികടക്കാനാണ് സ്‌പെഷ്യൽ റൂൾ.