
മാള : മാള പഞ്ചായത്തിലെ 18 , 19 വാർഡിലായി കിടക്കുന്ന പാണ്ടിപ്പാടം രണ്ടിലെ 28 ഏക്കറോളം പാടശേഖരത്തിലെ കതിര് വന്ന നെൽക്കൃഷി കാലം തെറ്റി പെയ്ത മഴയിൽ വെള്ളത്തിൽ. പുത്തൻചിറ പഞ്ചായത്തിലെ പുഞ്ചക്കൃഷിയിൽ നിന്നും വരുന്ന വെള്ളവും തോട്ടിലെ വെള്ളവും കാരണം ജലനിരപ്പ് ഉയർന്ന് നിൽക്കുകയായിരുന്നു. ഇതിനിടയിൽ ഞായറാഴ്ച തുടങ്ങിയ ശക്തമായ മഴയിൽ കതിരു വന്ന നെൽക്കൃഷി പൂർണ്ണമായി വെള്ളത്തിനടിയിലായത് കർഷകരെ ആശങ്കയിലാഴ്ത്തി. ഓരോ കർഷകനും ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് കൃഷി ഇറക്കിയത്. കർഷകർ ഈ വിവരം കൃഷി ഓഫീസിലും പഞ്ചായത്തിലും അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും പാടശേഖരം സന്ദർശിച്ചു. പാടശേഖരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കണമെങ്കിൽ കരിങ്ങാച്ചിറയിലെ ബണ്ട് പൊട്ടിക്കണം. കഴിഞ്ഞ മാസം 23നാണ് ബണ്ട് നിർമ്മിച്ചത്. പുത്തൻചിറ പഞ്ചായത്ത് ഓരോ വർഷവും ലക്ഷക്കണക്കിന് രൂപ ചെലവാക്കിയാണ് കരിങ്ങാച്ചിറയിൽ ബണ്ട് കെട്ടുന്നത്. കരിങ്ങാച്ചിറ ബണ്ടിൽ സ്ഥിരം ഷട്ടർ സംവിധാനം ഏർപ്പെടുത്തുന്നതിന് സെപ്റ്റംബറിൽ തൃശൂരിൽ നടന്ന തദ്ദേശ അദാലത്തിൽ മന്ത്രി
എം.ബി.രാജേഷ് നിർദ്ദേശം നൽകിയിരുന്നു. പുത്തൻചിറ, വേളൂക്കര, മാള എന്നീ പഞ്ചായത്തുകളും മാള വെള്ളാങ്ങാല്ലൂർ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും ചേർന്ന് പദ്ധതിയൊരുക്കാനാണ് മന്ത്രി നിർദ്ദേശിച്ചത്. സ്ഥിരം ഷട്ടർ സംവിധാനം വന്നാൽ വെള്ളം ഒഴുക്കി കളയാനും ഉപ്പുവെള്ളം കയറുന്നത് ഒഴിവാക്കാനും സാധിക്കും.
കാലം തെറ്റി പെയ്ത ശക്തമായ മഴയെ തുടർന്ന് വെള്ളത്തിലായ പാണ്ടിപ്പാടം രണ്ട്.