media

പതിനായിരത്തോളം പ്രതിഭകൾ

വേദികൾ -17

ആദിവാസി നൃത്തമുൾപ്പടെ അഞ്ച് പുതിയ ഇനങ്ങൾ

പ്രധാന വേദി കുന്നംകുളം ടൗൺഹാൾ

വൈകീട്ട് സാംസ്‌കാരിക ഘോഷയാത്ര

കുന്നംകുളം: കലയുടെ സൗരഭ്യം വിടർത്താനൊരുങ്ങി കുന്നംകുളം. കൗമാര കലോത്സവത്തിന് ഇന്ന് തിരശീല ഉയരും. ഇന്നു മുതൽ ഏഴ് വരെ കുന്നംകുളം നഗരത്തിലെ 17 വേദികളിലായി ജില്ലയിലെ 12 ഉപജില്ലകളിൽ നിന്നായി എണ്ണായിരത്തോളം കലാ പ്രതിഭകൾ അരങ്ങിലെത്തി വിസ്മയം വിടർത്തും. 3,5,6,7 തിയതികളിലാണ് കലാമാമാങ്കം. ടൗൺ ഹാൾ പ്രധാന വേദിയായി കൊണ്ട് നഗരത്തിലെ മുഴുവൻ സ്‌കൂളുകളും ഉൾപ്പെടുത്തിക്കൊണ്ട് 17 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ആദിവാസി നൃത്തങ്ങൾ കൂടി ഉൾപ്പെടുത്തി 5 പുതിയ ഇനങ്ങൾ കൂടി ഇത്തവണ മത്സരത്തിൽ ഉണ്ടാകും. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം 5ന് രാവിലെ 9.30ന് മന്ത്രി ഡോ. ആർ.ബിന്ദു ടൗൺഹാളിൽ നിർവഹിക്കും. വിജയികൾക്കുള്ള സ്വർണക്കപ്പ് വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കുന്നംകുളത്ത് എത്തും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പങ്കെടുക്കും. കലാപ്രതിഭകളെ വരവേൽക്കാൻ കുന്നംകുളം ഒരുങ്ങി കഴിഞ്ഞെന്ന് വാർത്താസമ്മേളനത്തിൽ എ.സി. മൊയ്തീൻ എം.എൽ.എ, ചെയർപേഴ്‌സൺ സീത രവീന്ദ്രൻ, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ അജിതകുമാരി, ടി.സോമശേഖരൻ, സൈമൺ ജോസ് എന്നിവർ അറിയിച്ചു.

നടനവേദികൾ ഇന്നുണരും

കൗമാരകലകളുടെ തുടിപ്പുകളുമായി നടന വേദികൾ ഇന്നുണരും. ഹയർ സെക്കഡറി വിഭാഗത്തിന്റെ ആൺക്കുട്ടികളുടെയും പെൺക്കുട്ടികളുടെയും ഭരതനാട്യം, ഹയർ സെക്കഡറി വിഭാഗം പെൺക്കുട്ടികളുടെ മോഹിനാട്ടം, കേരള നടനം, കുച്ചുപ്പുടി എന്നിവയും ഹൈസ്‌കൂൾ വിഭാഗം നാടകവും ഇന്ന് നടക്കുന്നുണ്ട്.

പാലു കാച്ചി, അടുക്കള സജീവമായി
കുന്നംകുളം ചിറളയം വൈ.എം.സി.എ ഹാളിലാണ് പാചകപ്പുരയും ഭക്ഷണവിതരണവും ക്രമീകരിച്ചിരിക്കുന്നത്. ഓരോ ദിവസവും അയ്യായിരത്തോളം പേർക്കാണ് ഭക്ഷണം ഒരുക്കുന്നത്. എല്ലാ ദിവസവും പായസത്തോടെ ഭക്ഷണമാണ്. ഇരിങ്ങാലക്കുട സ്വദേശിയായ മധു നന്തിപുലത്തിന്റെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. എ.സി മൊയ്തീൻ എം.എൽ.എ കലോത്സവ ഊട്ടുപുരയിലെ പാലുകാച്ചൽ കർമ്മം നിർവഹിച്ചു. കുന്നംകുളം വൈ.എം.സി.എ ഹാളിലാണ് ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളത്.

മീഡിയ റൂം തുറന്നു
മീഡിയ റൂം ഉദ്ഘാടനം കുന്നംകുളം ഗവമോഡൽ ബോയ്‌സ് എച്ച്.എസ്.എസിൽ കുന്നംകുളം പ്രസ്‌ക്ലബ് പ്രസിഡന്റ് ജോസ് മാളിയേക്കൽ നിർവ്വഹിച്ചു. നഗരസഭാ കൗൺസിലറും മീഡിയാ കമ്മിറ്റി ചെയർമാനുമായ ഷാജി ആലിക്കൽ അദ്ധ്യക്ഷനായി. മീഡിയ പ്രവർത്തകർക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണ ഉദ്ഘാടനം തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ എ.കെ.അജിതകുമാരി നിർവഹിച്ചു.

വേദികളിലേക്ക് നെട്ടോട്ടമോടേണ്ട

കുന്നംകുളം നഗരത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ 17 വേദികളും ക്രമീകരിച്ചിരിക്കുന്നു. മത്സരാർത്ഥികൾ വേദികളിലേക്ക് പോകുന്നതിന് സൗജന്യ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

കിരീടം നിലനിർത്താൻ വെസ്റ്റ്
കഴിഞ്ഞ തവണത്തെ ജേതാക്കളായ വെസ്റ്റ് ഉപജില്ല കിരീടം ഇത്തവണ കിരീടം നിലനിർത്താൻ തയ്യാറെടുക്കുമ്പോൾ രണ്ടാം സ്ഥാനത്തായിരുന്ന ഇരിങ്ങാലക്കുട കലോത്സവത്തിൽ തങ്ങളുടെ മേധാവിത്വം പുലർത്താനുള്ള ഒരുക്കത്തിലാണ്.