കൊടുങ്ങല്ലൂർ : എടവിലങ്ങ് കാര സെന്ററിൽ ദീർഘനാളായി നേരിടുന്ന വെള്ളക്കെട്ടിന് പരിഹാരം. ഒരു ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ട് നേരിട്ടിരുന്ന കാര സെന്ററിൽ ഇ.ടി.ടൈസ്റ്റർ മാസ്റ്റർ എം.എൽ.എയുടെ നിരന്തരമായ ഇടപെടൽ മൂലമാണ് പി.ഡബ്ല്യു.ഡി പ്രത്യേക ഫണ്ട് വിനിയോഗിച്ച് കാന നിർമ്മിക്കാൻ തയ്യാറായത്.
400 മീറ്ററിന് താഴെ മാത്രം ദൂരമുള്ളൂവെങ്കിലും കാന നിർമ്മാണത്തിന് സ്ഥലം കിട്ടാൻ എം.എൽ.എയ്ക്ക് കഠിന പരിശ്രമം നടത്തേണ്ടിവന്നു. കടകളോട് ചേർന്ന് ആഴത്തിൽ കുഴിയെടുക്കേണ്ടതും പൈപ്പ്‌ലൈൻ പോകുന്നതും ജംഗ്ഷനായതും പ്രശ്‌നം സങ്കീർണമാക്കി. സ്ഥലം ലഭിച്ചതോടെ രാത്രിയും പകലുമായി വേഗത്തിൽ നിർമ്മാണ പ്രവർത്തനം നടത്താൻ കരാറുകാരനുമായി.

ഇന്നലെ പെയ്ത കനത്ത മഴയിൽ മുഴുവൻ വെള്ളവും നിമിഷ നേരം കൊണ്ട് ഒലിച്ചുപോയത് വ്യാപാരികൾക്കും ഓട്ടോതൊഴിലാളികൾക്കും നാട്ടുകാർക്കും സന്തോഷം നൽകിയ കാഴ്ചയായിരുന്നു. നിർദിഷ്ട സ്ഥലം സന്ദർശിക്കാനെത്തിയ എം.എൽ.എയെയും പഞ്ചായത്ത് പ്രതിനിധികളെയും കൈ കൊടുത്ത് സന്തോഷം പങ്കുവയ്ക്കാൻ നാട്ടുകാരും മറന്നില്ല. എം.എൽ.എയോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ, വൈസ് പ്രസിഡന്റ് സന്തോഷ് കോരിച്ചാലിൽ, എം.ആർ.കൈലാസൻ, പഞ്ചായത്തംഗങ്ങളായ ജ്യോത്സന ടൈറ്റസ്, സന്തോഷ് പുളിക്കൽ എന്നിവരുമുണ്ടായിരുന്നു.