അന്തിക്കാട്: അരിമ്പൂർ പഞ്ചായത്തിലെ മനക്കൊടി പുള്ള് പി.ഡബ്ല്യു.ഡി റോഡിനോട് ചേർന്നുകിടക്കുന്ന വാരിയം കോൾപ്പടവിൽ ഈ വർഷവും വെള്ളം കയറി കൃഷി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ ബുദ്ധിമുട്ടിലാണ് കർഷകർ. മനക്കൊടി പുള്ള് പി.ഡബ്ല്യു.ഡി റോഡ് മറ്റു പടവുകളുടെ ബണ്ടിനേക്കാൾ വളരെ താഴ്ന്ന് കിടക്കുന്നതിനാൽ ചെറിയ മഴയ്ക്ക് പോലും പുറംചാൽ കവിഞ്ഞ് റോഡിലൂടെ വെള്ളം ഒഴുകി കൃഷി നശിക്കുന്ന അവസ്ഥയിലാണ്.

ഈ വർഷത്തെ കൃഷിയിറക്കിയ വാരിയം പടവിൽ ഇന്നലെ ഒരു ദിവസത്തെ മഴ കൊണ്ടുതന്നെ വെള്ളം പടവിലേക്കിറങ്ങി മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. ഏകദേശം പതിനാല് വർഷത്തോളമായി ഈ പരാതിയുമായി റോഡ് ഉയർത്തിക്കിട്ടുന്നതിന് വേണ്ട വകുപ്പിലേക്ക് നിരന്തരം അപേക്ഷ സമർപ്പിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞവർഷം കർഷകർ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഉടനെ വേണ്ട പരിഹാരം ചെയ്തു തരാമെന്ന് അധികൃതർ അറിയിച്ചെങ്കിലും നാളിതുവരെയായി യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ റോഡിലെ ഗതാഗതം പോലും തടസപ്പെടുന്ന അവസ്ഥയിൽ വാരിയം പടവിലെ കർഷകർ കൂട്ടത്തോടെ സമരം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ആയതിനാൽ ഈ അവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം ഉണ്ടാക്കിത്തരണമെന്ന് ബന്ധപ്പെട്ട വകുപ്പ് അധികാരികളോട് കർഷകർ ആവശ്യപ്പെട്ടു.