ഇരിങ്ങാലക്കുട: ഒമ്പതു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അറുപത്തിയൊന്നുകാരന് 26 വർഷം കഠിന തടവും ഒന്നര ലക്ഷം പിഴയും ശിക്ഷ. ചെങ്ങാലൂർ മൂക്കുപറമ്പിൽ വീട്ടിൽ ഹരിദാസിനെയാണ് (61) ശിക്ഷിച്ചത്. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജ് വിവീജ സേതുമോഹനാണ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം 20 വർഷം കഠിന തടവും ലക്ഷം രൂപ പിഴയും പിഴയൊടുക്കാതിരുന്നാൽ ഒരു വർഷം കഠിന തടവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ആറ് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴയൊടുക്കാതിരുന്നാൽ ആറ് മാസം കഠിന തടവ് അനുഭവിക്കണം. പിഴ സംഖ്യ ഈടാക്കിയാൽ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും ഉത്തരവിലുണ്ട്. 2013 ജൂണിലും അടുത്ത ജനുവരിക്കും ഇടയിലുള്ള പല ദിവസങ്ങളിലും അതിജീവിതയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷാവിധി. പുതുക്കാട് പൊലീസ് സബ്ബ് ഇൻസ്‌പെക്ടറായിരുന്ന എം.രാജീവ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്‌പെക്ടർമാരായിരുന്ന പി.വി.ബേബി, എസ്.പി സുധീരൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.വിജു വാഴക്കാല ഹാജരായി.