 
തൃശൂർ: തൃശൂർ-കുന്നംകുളം ഹൈവേയിൽ പുഴയ്ക്കൽ ശോഭ സിറ്റിക്കടുത്ത് കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി. തൃശൂർ കോർപ്പറേഷന്റെ ഗ്രീൻ സിറ്റിയുടെ ബോർഡിന് താഴെയാണ് മാലിന്യം നിക്ഷേപിക്കുന്നത്. കാലങ്ങളായി ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. 24 മണിക്കൂറും ഹൈവേ പൊലീസ് പട്രോളിംഗ് നടത്താറുള്ള സ്ഥലമാണിത്. സ്ഥിരമായി കക്കൂസ് മാലിന്യം തള്ളുന്നതിനാൽ പ്രദേശത്ത് ദുർഗന്ധം രൂക്ഷമാണ്. പുഴയ്ക്കൽ അമ്പലത്തിൽ ബലിതർപ്പണം കഴിഞ്ഞ് പുഴയിൽ കുളിക്കുന്നവർക്കും സമീപത്തുള്ള ഹോട്ടലിലെത്തുന്നവർക്കും ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സമീപത്തു തന്നെ സ്വകാര്യ ആശുപത്രിയുടെ കുടിവെള്ള പമ്പിംഗ് സ്റ്റേഷനിലേക്കും അതിനു തൊട്ടടുത്തുള്ള അടാട്ട് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിയുടെ കിണറിലേക്കും കക്കൂസ് മാലിന്യമൊഴുകി രോഗം പടരാനിടയുണ്ടെന്നും നാട്ടുകാർ പറയുന്നു. പഞ്ചായത്തും തൃശൂർ കോർപ്പറേഷനും തമ്മിലുള്ള അതിർത്തിത്തർക്കം കാരണമാണോ അധികൃതർ ഇത് ശ്രദ്ധിക്കാതെ പോകുന്നതെന്നും നാട്ടുകാർ ആരോപിച്ചു.