നിർമ്മാണത്തിന് 20 കോടിയുടെ ഭരണാനുമതി
ഏറ്റെടുക്കുന്നതിന് കിഫ്ബിയിൽ നിന്ന് 3.16 കോടി
20 മീറ്റർ വീതിയിൽ ഏറ്റെടുക്കൽ
ചേലക്കര: ബൈപാസ് നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടിക്ക് അംഗീകാരം ലഭിച്ചതായി കെ. രാധാകൃഷ്ണൻ എം.പി അറിയിച്ചു. ചേലക്കര ജംഗ്ഷന് സമാന്തരമായി തോന്നൂർക്കര വളവ് മുതൽ നാട്യൻചിറ വരെയാണ് സ്ഥലം ഏറ്റെടുത്ത് ബി.എം.ബി.സി നിലവാരത്തിൽ രണ്ടുവരി പാത നിർമിക്കുന്നത്. കിഫ്ബിയിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്നതിനായി 3.16 കോടി രൂപയ്ക്കുള്ള സാമ്പത്തിക അനുമതി ലഭിച്ചിട്ടുണ്ട്.
തോന്നൂർക്കര, ചേലക്കര, വെങ്ങാനെല്ലൂർ വില്ലേജുകളിൽ നിന്ന് 11.488 ഹെക്ടർ ഭൂമി ചേലക്കര ബൈപ്പാസ് നിർമ്മാണത്തിനു വേണ്ടി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യാഘാത പഠനം നടത്തുന്നതിനായി കണ്ണൂർ ഡോൺ ബോസ്‌കോ ആർട്‌സ് ആൻഡ് സയൻസ് കോളേജിനെ ചുമതലപ്പെടുത്തുകയും കുടുംബങ്ങളുടെ പരാതികൾ കേൾക്കുന്നതിന് പബ്ലിക് ഹിയറിംഗ് നടത്തുകയും ചെയ്തു. സാമൂഹ്യാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് നൽകുകയും വെബ്സെെറ്റിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. പഠനം വിലയിരുത്തുന്നതായി കളക്ടർ വിദഗ്ധ സമിതിയെ രൂപീകരിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ശുപാർശയും പഠന റിപ്പോർട്ടും സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് 11.488 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്. ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്നതിന് എം.പി റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പദ്ധതി പൂർത്തിയാകുന്നതോടെ ചേലക്കര ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരമാവും.