
കുന്നംകുളം : കലോത്സവങ്ങളിലെ പതിവ് വൈകലിന് പുറമേ സംഘാടകരെ വലച്ച് മത്സരാർത്ഥികളും. ഹയർ സെക്കൻഡറി വിഭാഗം സംഘനൃത്തത്തിനെത്തിയ മത്സാർത്ഥികളാണ് സംഘാടകരെ നട്ടം തിരിച്ചത്. ചിറളയം യു.പി സ്‌കൂളിലെ വേദി ഒമ്പതിലായിരുന്നു സംഘനൃത്തം. രാവിലെ 11.30 നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ഇതേ വേദിയിൽ നടന്ന പെൺകുട്ടികളുടെ നാടോടി നൃത്തം കഴിഞ്ഞ് ഫലം പ്രഖ്യാപിച്ചപ്പോൾ 1.20. ഇതിന് മുമ്പേ സംഘനൃത്തം അവതരിപ്പിക്കുന്ന ടീമുകളോട് രജിസ്റ്റർ ചെയ്യാൻ സംഘാടകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 13 ടീമുകളിൽ 11 പേരും ചെസ്റ്റ് നമ്പർ വാങ്ങി പോയെങ്കിലും മേക്കപ്പ് കഴിഞ്ഞ് സ്റ്റേജിന് പിറകിലേക്കെത്താൻ പലതവണ ആവശ്യപ്പെട്ടിട്ടും എത്തിയില്ല. ഇതിനിടെ ഒരുക്കം പൂർത്തിയായ ടീമുകളോട് ആദ്യം കയറാൻ സംഘാടകർ അപേക്ഷിച്ചെങ്കിലും ആരും തയ്യാറായില്ല. ഇതിനിടെ ചില രക്ഷിതാക്കളും വാശിയോടെ രംഗത്ത് വന്നതോടെ ഒരു മണിക്കൂർ കഴിഞ്ഞ് 2.40 നാണ് സംഘനൃത്തം ആരംഭിച്ചത്. ഇതേ വേദിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന കുച്ചുപ്പുടി മറ്റൊരു വേദിയിലേക്ക് മാറ്റേണ്ടിയും വന്നു.