കൊടുങ്ങല്ലൂർ: ട്രെയിൻ യാത്ര ചെയ്യാനുള്ള വൃദ്ധരുടെ ആഗ്രഹം അഡ്വ. ജാഫർഖാനിലൂടെ സഫലമാകും. അഴീക്കോട് വാകച്ചാൽ അമ്മ വീട്ടിലെ വയോജന ക്ലബ് അംഗങ്ങളാണ് യാത്രയ്‌ക്കൊരുങ്ങുന്നത്. ജില്ലാ നിയമ സേവന അതോറിറ്റിയുടെ വൃദ്ധർക്കുള്ള നിയമ സാക്ഷരത അദാലത്തിൽ ക്ലാസ് എടുക്കാനെത്തിയതായിരുന്നു പാനൽ അഡ്വ. യു.കെ. ജാഫർ ഖാൻ. ക്ലാസിനിടയിലെ സംഭാഷണത്തിനിടയിൽ ട്രെയിൻ പോലും കാണാത്തവരുണ്ടെന്നും ട്രെയിനിൽ യാത്ര ചെയ്യണമെന്നുള്ളത് അവരുടെ ആഗ്രഹമാണെന്നും മനസിലാക്കിയ ജാഫർ ഖാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് വൃദ്ധരുടെ ട്രെയിൻ യാത്രയ്ക്ക് വേണ്ടി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേത്തുടർന്ന് സ്വന്തം ചെലവിൽ 50 ഓളം വൃദ്ധരുമായി ഡിസംബർ അഞ്ചിന് വേണാട് എക്‌സ്പ്രസിൽ യാത്ര പുറപ്പെടാൻ തീരുമാനിച്ചിരിക്കുകയാണ് അഡ്വ. ജാഫർ ഖാൻ. ഒന്നര മണിക്കൂറോളം ഷൊർണൂരിൽ ചെലവഴിച്ച ശേഷം അതേ ട്രെയിനിൽ തന്നെ വൃദ്ധരുമായി തിരിച്ച് കല്ലേറ്റുകരയിലേക്ക് യാത്ര തിരിക്കും. ഇതിനായി ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്തു. ജാഫാർ ഖാന്റെ ഈ സത്പ്രവൃത്തിക്ക് കൂട്ടായി തീരദേശത്തെ ബനാസിനി എന്ന ബസ് ടീം യാത്രാ സൗകര്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. മതിലകം സ്വദേശിയായ ജാഫർ ഖാൻ സാമ്പത്തിക പരാധീനതകൾ ഏറെയുള്ള കുടുംബത്തിൽ നിന്നും പാർടൈം ജോലിയെടുത്ത് എൽ.എൽ.ബിക്ക് പഠിച്ച് കൊടുങ്ങല്ലൂർ കോടതിയിൽ പ്രാക്ടീസ് ചെയ്തുവരികയാണ്. തിരക്കിട്ട ജോലിക്കിടയിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇതിനോടകം സൗജന്യ നിയമ ക്ലാസുകൾ നടത്തുന്നതിനും സമയം കണ്ടെത്തുന്നുണ്ട്.