
കുന്നംകുളം : അമ്മയുടെ ശിക്ഷണത്തിൽ മകന് നാടോടി നൃത്തത്തിൽ സംസ്ഥാന കലോത്സവത്തിന് ടിക്കറ്റ്. ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ നാടോടി നൃത്തത്തിലാണ് പാവറട്ടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അഭിഷേക് അനിൽ കുമാർ ഒന്നാം സ്ഥാനം നേടിയത്. നാടോടി നൃത്തം പഠിപ്പിക്കാൻ ആരെയും ലഭിക്കാതെ വന്നതോടെയാണ് തന്റെ കോളേജ് കാലത്തെ അനുഭവം വച്ച് അമ്മ ലിഷ മകന് ഗുരുവായി മാറിയത്. ഒപ്പം യുട്യൂബും രക്ഷയായി. ഹരിശ്ചന്ദ്ര കഥ പറഞ്ഞാണ് അഭിഷേക് മത്സരിച്ച മറ്റ് മൂന്നു പേരെ പിന്തള്ളി ഒന്നാമതെത്തിയത്. രണ്ട് വർഷം മുൻപ് നാടോടി നൃത്തത്തിലും ഓട്ടൻ തുള്ളലിലും അഭിഷേക് പങ്കെടുത്തിരുന്നു. ജില്ലാ കലോത്സവത്തിൽ ഭരതനാട്യത്തിലും ഓട്ടൻ തുള്ളലിലും മത്സരിക്കുന്നുണ്ട്. ഭരതനാട്യത്തിൽ ഷീബ എളവള്ളിയും ഓട്ടൻതുള്ളലിൽ കലാമണ്ഡലം ഉണ്ണിമായയുമാണ് ഗുരുക്കന്മാർ. അതുല്യ കൃഷ്ണയാണ് സഹോദരി.