k-plm

കയ്പമംഗലം : അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ മൂലം പ്രദേശത്ത് വെള്ളക്കെട്ടുണ്ടാകുന്നെന്നും അതിന് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ദേശീയപാതയിലെ ബൈപാസ് നിർമ്മാണം തടഞ്ഞ് പ്രതിഷേധിച്ചു. ദേശീയപാത ബൈപാസ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കയ്പമംഗലം മൂന്നുപീടിച്ച ബീച്ച് റോഡിൽ 12-ാം വാർഡ് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാവുകയും പ്രദേശത്തെ 30 ഓളം വീടുകളിൽ വെള്ളം കയറുകയും ചെയ്തതോടെയാണ് നാട്ടുകാർ സമരവുമായി രംഗത്തെത്തിയത്. പ്രദേശത്തെ 30 ഓളം വീടുകളിൽ വെള്ളം കയറുകയും പരിസര പ്രദേശങ്ങളിലെ വെള്ളം ഒഴുകിപ്പോകാനുള്ള കാനകൾ അടഞ്ഞതും അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ മൂലമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.നാട്ടുകാർ പ്രതിഷേധിക്കുന്ന വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി സ്ഥലത്തെത്തി ദേശീയപാത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി നാട്ടുകാരുടെ പരാതി വിശദീകരിച്ചു. ബി.എസ്. ശക്തിധരൻ, സലീഷ്, സി.ജെ. ജോഷി, ഇ.ആർ. ജോഷി, വാർഡ് മെമ്പർമാരായ സി.ജെ. പോൾസൺ, യു.വൈ. ഷമീർ, ഇസ്ഹാക്ക് ഷാജഹാൻ, സിബിൻ, മണി ഉല്ലാസ്, പി.കെ. സുകന്യ, ഇല്യാസ്, റഷീദ്, നൗഷാദ്, നസീർ, പത്മിനി തുടങ്ങിയവർ ബൈപാസ് നിർമ്മാണം തടഞ്ഞുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനൊപ്പം അണിചേർന്നു. പൊലീസും സ്ഥലത്തെത്തിയിരുന്നു.

കാന പൊളിച്ച് വെള്ളമൊഴുക്കി

നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് കാന പൊളിച്ച് കലുങ്കുകളിലേക്ക് വെള്ളം സുഗമമായി പോകാനുള്ള നടപടികൾ തുടങ്ങി. പദ്ധതി പ്രദേശത്തുള്ള രണ്ട് കലുങ്കുകളിലേക്കും വലിയ പൈപ്പുകളിട്ട് വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാമെന്ന് ബൈപാസ് നിർമ്മാണ അധികൃതർ ഉറപ്പുനൽകി.