1

കുന്നംകുളം: വടക്കൻ പാട്ടിലെ വീരവനിതയായ 'പൂമാതൈ പൊന്നമ്മ'യുടെ കഥ പറഞ്ഞ് നാടോടി നൃത്തത്തിൽ അസീൻ നേടിയ ഒന്നാം സ്ഥാനത്തിന് തിളക്കമേറെ. ഈസ്റ്റ് ഉപജില്ല മത്സരത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ആത്മവിശ്വാസം കൈവിടാതെ അപ്പീലിലൂടെയാണ് വില്ലടം ഗവ.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിയായ അസീൻ കുന്നംകുളത്തേക്ക് യാത്രയായത്.

പൂമാതൈയുടെ കഥ റീ കംപോസ് ചെയ്താണ് വേദിയിലെത്തിച്ചത്. വാശിയേറിയ മത്സരമാണ് നാടോടി നൃത്തത്തിൽ അരങ്ങേറിയത്. വിധി വന്നപ്പോൾ യാതൊരു ആക്ഷേപവും ഉയർന്നില്ല. ഉമ്മ ജസീന്തയ്ക്കും ഉമ്മൂമ്മ സുബൈദയ്ക്കുമൊപ്പമാണ് അസീൻ മത്സരത്തിനെത്തിയത്. അപ്പീലടക്കം 13 പേരാണ് പെൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ചത്. കുറത്തി, മയിലാട്ടം, മകരക്കൊയ്ത്ത്, കോഴിപ്പോര്, കല്ലുകൊത്ത്, വയനാട് ദുരന്തം എന്നിവയെല്ലാം നാടോടി നൃത്തത്തിൽ വിഷയമായി. നാടോടി നൃത്തത്തിന് പുറമേ, ഭരതനാട്യം, കുച്ചുപ്പുടി എന്നിവയിലും ഇക്കുറി മത്സരിക്കുന്നു. ഡോ.സജേഷ് എസ്.നായർ, കലാക്ഷേത്ര അമൽനാഥ് എന്നിവരാണ് ഗുരുക്കന്മാർ. മണലിത്തറ പൂവത്തിങ്കൽ ജസീതയാണ് അമ്മ. ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്‌സാണ്. നാല് വയസ് മുതൽ ഭരതനാട്യവും കുച്ചുപ്പുടിയും പഠിക്കുന്നു. പത്താംക്ലാസിൽ നിന്ന് സംസ്ഥാനതലത്തിൽ കുച്ചുപ്പുടിക്ക് എ ഗ്രേഡ് നേടിയിട്ടുണ്ട്.