
കുന്നംകുളം: സ്റ്റേജിൽ കാർപെറ്റ് ഇല്ലാത്തതിനാൽ കോൺക്രീറ്റ് സ്‌റ്റേജിൽ ചാട്ടത്തിനിടെ വീണ് മൂകാഭിനയത്തിൽ പങ്കെടുത്ത ഇരുപതോളം മത്സരാർത്ഥികൾക്ക് പരിക്ക്. മൂകാഭിനയം ഹയർസെക്കൻഡറി വിഭാഗം മത്സരം നടന്ന ടൗൺ ഹാൾ ഒന്നാം വേദിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. കാലുകൾ തറയിൽ ഉരസിയാണ് പലർക്കും പരിക്കേറ്റത്. മണത്തല ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ ബ്രിജോ, ശ്രീരാജ്, അഹമ്മദ് അജ്മൽ, കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ സ്‌കൂളിലെ വിദ്യാർത്ഥികളായ നിരഞ്ജൻ, ബെൻ, സാൻജോ തുടങ്ങിയ കുട്ടികൾക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥികളിൽ പലരും ആശുപത്രിയിൽ ചികിത്സ തേടി. പലരുടെയും കാൽമുട്ടുകൾ പൊട്ടി രക്തമൊലിച്ചു.
ഊട്ടുപുരയിൽ ഊണ് ഉഷാർ
ആദ്യദിനം ചോറ്, സാമ്പാർ, ഉപ്പേരി, പപ്പടം, അച്ചാർ, പച്ചടി, പൈനാപ്പിൾ കറി, കൂടാതെ ഗോതമ്പ് പായസം എന്നിവ ഉൾപ്പെടുത്തി വിഭവ സമൃദ്ധമായ ഭക്ഷണമാണ് ഒരുക്കിയത്. ആദ്യദിനം 3,500 പേർക്കും ബാക്കി ദിവസങ്ങളിൽ 4,500 പേർക്കുമാണ് ഭക്ഷണം ഒരുക്കുന്നത്. ഇരിങ്ങാലക്കുട സ്വദേശി മധു നന്തിപുലത്തിന്റെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങളായിരിക്കും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയെന്ന് ഭക്ഷണ കമ്മിറ്റി ചെയർമാനും കൗൺസിലറുമായ ബിജു സി.ബേബി, കൺവീനർ കെ.എഫ്.സുഹൈർ എന്നിവർ അറിയിച്ചു.
സ്വർണ്ണ കപ്പിന് സ്വീകരണം
ജേതാക്കൾക്ക് സമ്മാനിക്കാനുള്ള സ്വർണക്കപ്പിന് വിവിധയിടങ്ങളിൽ സ്വീകരണം. ജില്ലാ ട്രഷറിയിൽ സൂക്ഷിച്ച സ്വർണക്കപ്പ് രാവിലെ പത്തരയോടെ കളക്ടർ അർജുൻ പാണ്ഡ്യനിൽ നിന്ന് ട്രോഫി കമ്മിറ്റി ചെയർമാനും കുന്നംകുളം കൗൺസിലറുമായ കെ.കെ.മുരളിയും ട്രോഫി കമ്മിറ്റി കൺവീനർ ആഷിക് ബീവിയും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് പേരാമംഗലം ശ്രീ ദുർഗാ വിലാസം സ്‌കൂളിലും കുന്നംകുളം സെന്റ് ജോൺസ് ബഥനി സ്‌കൂളിലും സ്വീകരണം നൽകി. കുന്നംകുളം ബോയ്‌സ് സ്‌കൂളിൽ എൻ.കെ.അക്ബർ എം.എൽ.എ, നഗരസഭാ ചെയർപേഴ്‌സൺ സീതാരവീന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.