
കുന്നംകുളം : ലാസ്യ നാട്യവർണങ്ങളോടെ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിന് കുന്നംകുളത്ത് പത്തരമാറ്റോടെ തുടക്കം. കറുത്തിരുണ്ട ആകാശവും ചന്നംപിന്നം പെയ്ത മഴയും കലാപ്രതിഭകളുടെ ആവേശം കെടുത്തിയില്ല. ആദ്യദിനത്തിൽ രചനാ മത്സരങ്ങൾക്കൊപ്പം നൃത്തവേദികളും സജീവമായതോടെ കുന്നംകുളം കലാലഹരിയിലമർന്നു. നൃത്തഇനങ്ങളിൽ ഹയർ സെക്കഡറി വിഭാഗങ്ങളിലായിരുന്നു ഇന്നലെ മത്സരങ്ങൾ. കലോത്സവത്തിലെ മാസ്റ്റർ പീസ് ഇനങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, കേരള നടനം എന്നിവയെല്ലാം ഒന്നാം ദിനത്തെ സമ്പന്നമാക്കി.
ആവേശം പകർന്ന് ഒപ്പനയും കോൽക്കളിയും വട്ടപ്പാട്ടും. രചനാ മത്സരങ്ങൾ ഇന്നലെ പൂർത്തിയാക്കി. അറബി സംസ്‌കൃതോത്സവങ്ങൾക്കും തുടക്കമായി. മഴ മുന്നറിയിപ്പിനെ തുടർന്ന് ഇന്നലെ വൈകിട്ട് നടത്താൻ നിശ്ചയിച്ചിരുന്ന ഘോഷയാത്ര ഒഴിവാക്കി. നാളെ രാവിലെ ഒമ്പതിനാണ് ഉദ്ഘാടനം. നാല് ദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തിൽ 12 ഉപജില്ലകളിൽ നിന്നായി പതിനായിരത്തോളം പേരാണ് പങ്കെടുക്കുന്നത്. ശനിയാഴ്ച്ച വൈകിട്ട് കലാമേളയ്ക്ക് കൊടിയിറങ്ങും.
ഇന്ന് മത്സരമില്ല
ദേശീയതലത്തിൽ ഇന്ന് സ്‌കോളർഷിപ്പ് നടക്കുന്നതിനാൽ മത്സരങ്ങളുണ്ടാകില്ല. നാളെ രാവിലെ ഒമ്പത് മുതൽ മത്സരം പുനരാരംഭിക്കും.
ഇഞ്ചോടിഞ്ചിൽ ചാവക്കാട്
കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ പൊരിഞ്ഞ പോരാട്ടം. 132 പോയിന്റുള്ള ചാവക്കാട് ഉപജില്ല ഒന്നാം സ്ഥാനത്താണെങ്കിലും 131 പോയിന്റോടെ തൃശൂർ ഈസ്റ്റും കൊടുങ്ങല്ലൂരും പിറകിൽ രണ്ടാം സ്ഥാനത്തുണ്ട്. 128 പോയിന്റുള്ള വലപ്പാടാണ് മൂന്നാമത്. സ്‌കൂളിൽ 54 പോയിന്റ് നേടിയ പാവറട്ടി സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസാണ് മുന്നിൽ. 44 പോയിന്റോടെ സേക്രട്ട് ഹാർട്ട് സ്‌കൂൾ രണ്ടാം സ്ഥാനത്തും ചെന്ത്രാപ്പിന്നി എച്ച്.എസ്.എസ് (43) മൂന്നാം സ്ഥാനത്തുമുണ്ട്.
മറ്റ് ഉപജില്ലകളുടെ പോയിന്റ്
കുന്നംകുളം 127
ഇരിങ്ങാലക്കുട 122
ചാലക്കുടി 119
മുല്ലശേരി 119
ചേർപ്പ് 117
വടക്കാഞ്ചേരി 115
മാള 114
തൃശൂർ വെസ്റ്റ് 113