 
വടക്കാഞ്ചേരി : രണ്ട് വർഷമായി പൂട്ടിക്കിടക്കുന്ന വിരുപ്പാക്ക തൃശൂർ കോ-ഓപറേറ്റീവ് സ്പിന്നിംഗ് മിൽ പ്രവർത്തനം പുനരാരംഭിച്ചേക്കും. വൈദ്യുതി ബിൽ കുടിശ്ശിക സർക്കാർ എഴുതിത്തള്ളിയതോടെയാണ് മിൽ വീണ്ടും തുറന്നേക്കുമെന്ന പ്രതീക്ഷ ഉണരുന്നത്. എന്നാൽ വൈദ്യുതി എത്തിയതുകൊണ്ട് മാത്രം മിൽ തുറന്നു പ്രവർത്തിപ്പിക്കുക ഏറെ ദുഷ്‌കരമാണെന്ന് തൊഴിലാളികൾ പറയുന്നു. ഗോഡൗണിൽ കിടക്കുന്ന രണ്ട് ലോഡ് പഞ്ഞി ഇപ്പോൾ ഉപയോഗശൂന്യമായ അവസ്ഥയിലാകും. മെഷിനറികൾ പൂർണമായും തുരുമ്പെടുത്ത സ്ഥിതിയിലാണ്. കുരങ്ങന്മാരുടെ വാസ കേന്ദ്രമായി പ്ലാന്റ് മാറി. എന്തൊക്കെ നശിപ്പിച്ചിട്ടുണ്ടെന്ന് വിശദ പരിശോധനയിലൂടെ മാത്രമെ അറിയാനാകൂ. ഇതിനുപുറമേയാണ് വിരമിച്ച തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ട് അടയ്ക്കാത്തത് മൂലമുള്ള വലിയ പ്രതിസന്ധി. ഇരുന്നൂറോളം തൊഴിലാളികൾക്ക് ഒരു ആനുകൂല്യവും ലഭിക്കാത്ത സ്ഥിതിയാണ്. ഇവർ നിയമ നടപടിയുമായി മുന്നോട്ട് പോവുകയാണ്. മിൽ തുറന്നാൽ തന്നെ തൊഴിലാളികളെല്ലാം തിരിച്ചെത്തുമെന്ന കാര്യത്തിലും ഒരു ഉറപ്പുമില്ല. എല്ലാവരും മറ്റ് ജോലികളിൽ വ്യാപൃതരായി കഴിഞ്ഞു. മുമ്പ് നടന്ന നവീകരണ പ്രവർത്തനങ്ങൾക്കായി നബാർഡ് എൻ.സി.ഡി.സി നൽകിയ 29 കോടി 46 ലക്ഷം രൂപ വായ്പയും ഇതുവരെ തിരിച്ചടയ്ക്കാൻ കഴിഞ്ഞിട്ടില്ല.
സി.പി.എം നേതാവ് എം.കെ. കണ്ണൻ മില്ലിന്റെ ചെയർമാനായിരിക്കുമ്പോൾ നടത്തിയ നവീകരണവും പാതിവഴിയിൽ മുടങ്ങി. സ്പിന്നിംഗ് വിഭാഗത്തിലേക്ക് എട്ട് ഓട്ടോമാറ്റിക് മെഷീനുകളാണ് വാങ്ങിയത്. 1152 സ്പിൻഡിലുകളാണ് ഓരോ മെഷീനിലുമുള്ളത്. തൊഴിലാളികൾക്ക് ഒട്ടും പരിചിതമല്ലാത്ത മെഷീൻ പ്രവർത്തിപ്പിക്കുക എന്നത് ദുഷ്‌കരമായി. സെൻസറുകൾ നിരന്തരം തകരാറിലായി. അഞ്ച് കാഡിംഗ്, മിക്‌സർ മെഷീനുമൊക്കെ ഓട്ടോമാറ്റിക് തന്നെ. വൈൻഡിംഗ് ഡിപ്പാർട്ടുമെന്റിൽ അഞ്ച് കോടി രൂപ മുടക്കി വാങ്ങിയ രണ്ട് ഓട്ടോ കോൺമെഷീനും കെട്ടിവച്ചിരിക്കുകയാണ്.
പഞ്ഞിയിൽ നിന്ന് നൂൽ ഉത്പാദിപ്പിക്കുന്ന സ്ഥാപനത്തിൽ അസംസ്‌കൃത വസ്തുവായ പഞ്ഞി ഇല്ലാത്തതിനാലാണ് 2023 ഫെബ്രുവരിയിൽ ലേ ഓഫ് പ്രഖ്യാപിച്ചത്. രണ്ട് ലോഡ് പഞ്ഞി എത്തിയപ്പോഴാകട്ടെ വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു.