തൃശൂർ: പ്രമുഖ സാഹിത്യകാരനും ചരിത്ര പണ്ഡിതനും നിരൂപകനുമായ പ്രൊഫ.എം.ആർ.ചന്ദ്രശേഖരന് (96) അന്ത്യാഞ്ജലി. എറണാകുളത്തെ സാന്ത്വന പരിചരണ കേന്ദ്രത്തിൽ ബുധനാഴ്ച പുലർച്ചെ 1.15 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്‌കാരം നടത്തി. എം.ആർ.സി എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം വിദ്യാഭ്യാസ വിദഗ്ദ്ധനും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താക്കളിലൊരാളുമായിരുന്നു.

എ.കെ.പി.സി.ടി.എയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. 'മലയാള നോവൽ ഇന്നും ഇന്നലെയും" എന്ന പുസ്തകത്തിന് 2010ൽ കേരള സാഹിത്യ അക്കാഡമിയുടെ നിരൂപണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരവും വിവർത്തനത്തിന് എം.എൻ.സത്യാർത്ഥി പുരസ്‌കാരവും നേടി. സാഹിത്യ അക്കാഡമി ജനറൽ കൗൺസിൽ നിർവാഹക സമിതി അംഗമായിരുന്നു. കാലിക്കറ്റ് സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ്, മലയാളം സർവകലാശാല അക്കാഡമിക് കൗൺസിൽ എന്നിവയിലും പ്രവർത്തിച്ചു.

കൊടകര നാഷണൽ ഹൈസ്‌കൂളിലും കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലും പയ്യന്നൂർ കോളേജിലും അദ്ധ്യാപകനായിരുന്നു. ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തിൽ ആരംഭിച്ച നവജീവൻ മാസികയുടെ എഡിറ്ററായിരുന്നു. മാതൃഭൂമിയിലും സബ് എഡിറ്ററായിരുന്നു. ചെമ്പൂക്കാവ് 'ധന്യശ്രീ"യിലായിരുന്നു താമസം. ഭാര്യ: പരേതയായ വിജയകുമാരി. മക്കൾ: റാം കുമാർ (ഐ.ടി, ബംഗളൂരു), പ്രിയ (എൽ.ഐ.സി). മരുമക്കൾ: ശങ്കർ, ധന്യ.