vishnu

തൃശൂർ : കേളു നമ്പ്യാരെന്ന വില്ലൻ പൊലീസുകാരനെ അരങ്ങിൽ അവിസ്മരണീയമാക്കിയ വിഷ്ണുറാമിന് സദസിന്റെ നിറഞ്ഞ കൈയടിയും ഒപ്പം മികച്ച നടനെന്ന അംഗീകാരവും. അധികാര വർഗത്തിന്റെ കോട്ടകൊത്തളങ്ങൾ വിറച്ച കാലത്തെ പ്രതിരോധ ചരിത്രം പറഞ്ഞ ' വസന്തത്തിന്റെ ഇടിമുഴക്കങ്ങൾ' എന്ന നാടകത്തിലെ അഭിനയത്തിനാണ് ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ വിഷ്ണുറാം മികച്ച നടനായത്.

സ്ത്രീപക്ഷത്തിന്റെ അവകാശ പോരാട്ടത്തിനിടെ നടന്ന പൊലീസ് മുറ ഭംഗിയായി അവതരിപ്പിച്ച വിഷ്ണുറാം കഴിഞ്ഞ രണ്ട് വർഷമായി ഉപജില്ലാതലത്തിൽ ബെസ്റ്റ് ആക്ടറാണ്. എൻ.എസ്.മാധവന്റെ അമ്മയിൽ നിന്നാണ് നാടകം സൃഷ്ടിച്ചത്. സ്‌കൂളിലെ പ്രധാനദ്ധ്യാപകനായ ശ്രീജേഷ് പൊയ്യാറയാണ് രചന. ബിനിലാണ് സംവിധായകൻ. കേരളത്തിലെ നക്‌സൽ പ്രസ്ഥാനത്തെയും അജിതയുടെ പോരാട്ടത്തെയും നാടകം വിഷയമാക്കുന്നു. തൃപ്രയാർ മഹേഷ്, തൃപ്രയാർ അനിയൻ മാരാർ എന്നിവരുടെ കീഴിൽ തായമ്പക അഭ്യസിച്ചിട്ടുള്ള വിഷ്ണു റാം ശാസ്ത്രീയ സംഗീതത്തിലും അരങ്ങേറ്റം നടത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ചെമ്പൈ സംഗീതോത്സവത്തിലും പാടി. വലപ്പാട് ജയചന്ദ്രനാണ് ഗുരു. പ്രധാനമന്ത്രി നരേന്ദ്രമോദി തൃപ്രയാറിലെത്തിയപ്പോൾ അദ്ദേഹത്തിനൊപ്പമുള്ള സെൽഫി പോസ്റ്റ് ചെയ്തത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. തൃപ്രയാർ കിഴക്കേനടയിൽ രാജു നമ്പീശന്റെയും പ്രിയയുടെയും മകനാണ്.