kala-1
1

കുന്നംകുളം: അട്ടപ്പാടിയിലും തമിഴ്‌നാട്ടിലുമുള്ള ഇരുള ഗോത്ര ജനതയുടെ പരമ്പരാഗത കലാരൂപമായ ഇരുളനൃത്തത്തെ വരവേൽക്കാനൊരുങ്ങി സ്‌കൂൾ കലോത്സവ വേദി. ആദ്യമായി ഉൾപ്പെടുത്തിയ ഇരുളനൃത്തം ഇന്ന് കുന്നംകുളത്തെ മുനിസിപ്പൽ ടൗൺഹാളിൽ അരങ്ങേറ്റം കുറിക്കും. രാവിലെ 11 ന് ഹൈസ്‌കൂൾ വിഭാഗം മത്സരവും 1.30 ന് ഹയർ സെക്കഡറി വിഭാഗവും അരങ്ങേറും. ഉച്ചയ്ക്ക് ശേഷം ഹയർ സെക്കഡറി വിഭാഗം മത്സരവും നടക്കും. വൈകിട്ട് നാലിന് ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തവും 5.30 ന് ഹയർ സെക്കഡറി വിഭാഗംവും അരങ്ങിലെത്തും.


ഇരുളനൃത്തം
ജനനം, മരണം തുടങ്ങി ജീവിതത്തിലെ പ്രധാന ചടങ്ങുകളിലെല്ലാം ഗോത്ര നൃത്തം പതിവാണ്.
കൃഷിയാരംഭവും വിളവെടുപ്പും ആഘോഷമാക്കുന്ന കമ്പളം ഉത്സവത്തിന് കൃഷിയിടത്തിലും മറ്റു ചടങ്ങുകൾക്ക് ഊരുകളുടെ നടുമുറ്റങ്ങളിലുമാണ് ഈ ഗോത്ര നൃത്തം അരങ്ങേറുക. തമിഴ് ചുവയുള്ള ഇരുള ഭാഷയിലെ പ്രാചീന നാടോടി ഗാനങ്ങൾക്കൊത്താണ് നൃത്തമാടുക. പാട്ടുകൾ വായ്ത്താരികളും കുരവയും പ്രത്യേക ശബ്ദങ്ങളും കൂടിചേർന്നതാണ്. തനത് വേഷം, മാല, ചിലങ്ക, തണ്ട, കൊണ്ട, മൂക്കുത്തി, കമ്മൽ ഇവയാണ് ആടയാഭരണങ്ങൾ.

പണിയ നൃത്തം

വയനാട് ജില്ലയിലെ പണിയ വിഭാഗക്കാരുടെ തനത്' കലാരൂപമാണ് പണിയ നൃത്തം. മരണാനന്തര ചടങ്ങുകളിൽ ഒഴികെ മറ്റവസരങ്ങളിൽ സ്ത്രീകളാണ് പണിയ നൃത്തം കളിക്കാറുളളത്. കുഴലൂത്തുകാരനെയോ തൂടികൊട്ടുന്നയാളെയോ അല്ലെങ്കിൽ കൂടെ കളിക്കുന്ന മറ്റൊരു സ്ത്രീയെയോ കളിയാക്കിയുള്ള പാട്ടുകളായിരിക്കും കൂടുതലും. വീടുകളിൽ മാത്രം കളിച്ചിരുന്ന പണിയ നൃത്തം സജീവമായി തുടങ്ങി.