baskaran
1

കൊടുങ്ങല്ലൂർ : മലയാളത്തിന്റെ ഭാവഗായകനും സംവിധായകനുമായ പി. ഭാസ്‌കരൻ മാസ്റ്ററുടെ നൂറാം ജന്മശതാബ്ദി ആഘോഷത്തിൽ വിവിധയിനം പരിപാടികളിലൂടെ അനുസ്മരണം തീർക്കുകയാണ് കൊടുങ്ങല്ലൂർ പി. ഭാസ്‌കരൻ സ്മാരക ഗവ. എച്ച്.എസ്.എസ്. ഭാസ്‌കര കാവ്യങ്ങളെ ചുവരുകളിൽ ചിത്രങ്ങളാക്കി ആർട്‌സ് ക്ലബ് വിരിയിച്ചെടുത്തതിന് പിന്നാലെ വിദ്യാലയത്തിലെ മലയാള അദ്ധ്യാപക കൂട്ടായ്മ സംഘടിപ്പിച്ച'പി.ഭാസ്‌കരൻ മാസ്റ്റർ ഞങ്ങളിലൂടെ'എന്ന പരിപാടിയിലൂടെ പുതിയ തലമുറ കുട്ടികളിലേയ്ക്ക് മാഷിന്റെ സാഹിത്യ ചലച്ചിത്ര സംഭാവനകളെ ചേർത്തു വയ്ക്കുകയാണ്. വിദ്യാലയ ശതാബ്ദി ഹോളിൽ നടന്ന പരിപാടിയിൽ യു.പി, ഹൈസ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും മാഷിന്റെ ഗാനകാവ്യങ്ങളെ ആലപിച്ചും അവയുടെ നൃത്താവിഷ്‌കാരങ്ങൾ നടത്തിയും ലഘു നാടകം അവതരിപ്പിച്ചും ഭാസ്‌കര വർത്തമാനം നടത്തിയും ഭാസ്‌കരൻ മാഷിന്റെ സ്മരണ പുതുക്കി. കാലത്തിനു മായ്ക്കാൻ ആവാത്തതാണ് ഭാസ്‌കര ശോഭ എന്ന് തെളിയിക്കുക കൂടിയായിരുന്നു അവർ.