 
മാള : സ്വകാര്യ വ്യക്തിയിൽ നിന്നും പൊതുമരാമത്ത് വകുപ്പ് തിരിച്ചുപിടിച്ച സ്ഥലം കാട് കയറി നാഥനില്ലാക്കളരിയായി നശിക്കുന്നു. ഇതിനുപുറമെ അനധികൃത മീൻകച്ചവടവും പാർക്കിംഗും ഇവിടെ അരങ്ങ് തകർക്കുകയാണ്. കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ അഷ്ടമിച്ചറ ഉരുണ്ടോളി ജംഗ്ഷനിൽ സ്വകാര്യവ്യക്തിയിൽ നിന്നും പൊതുമരാമത്ത് വകുപ്പ് തിരിച്ചുപിടിച്ച ഏകദേശം മൂന്ന് സെന്റ് സ്ഥലത്തിന്റെ ദുരവസ്ഥയാണിത്. അനധികൃത മീൻകച്ചവടം മൂലം പ്രദേശത്ത് അസഹ്യമായ ദുർഗന്ധമാണ്. മീൻ അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നത് മൂലം നായകളുടെയും മറ്റ് ഇഴജന്തുക്കളുടെയും ശല്യവുമുണ്ട്. ഇതിനിടെ ഇവിടെ യഥേഷ്ടം വാഹന പാർക്കിംഗും നടക്കുന്നു. പുല്ല് മൂടി കിടക്കുന്ന ഭാഗങ്ങളിൽ ഇഴജന്തുക്കളുടെ ശല്യവും ഏറെയാണ്.
പൊതുമരാമത്തിന്റെ ഈ സ്ഥലത്ത് പൊതുമരാമത്ത് വകുപ്പിന്റെതാണ് സ്ഥലമെന്ന് സൂചിപ്പിക്കുന്ന ബോർഡുകളൊന്നും സ്ഥാപിച്ചിട്ടില്ല. അതിർത്തി തിരിച്ച് കല്ലുകളും ഇട്ടിട്ടില്ല. അതുകൊണ്ട് തന്നെ ഈ സ്ഥലം സ്വകാര്യ വ്യക്തികൾ കൈയേറാനുള്ള സാദ്ധ്യതകളും ഏറെയാണ്. പൊതുമരാമത്തിന്റെ സ്ഥലം അതിർത്തി നിർണയിച്ച് വേലികെട്ടി ബോർഡ് സ്ഥാപിച്ച് സംരക്ഷിക്കണമെന്നാണ് ഉയരുന്ന ആവശ്യം.