krishi
1

അന്തിക്കാട്: ശക്തമായ മഴയിൽ മണലൂർ കാരമുക്ക് ചാത്തൻകുളങ്ങര പാടശേഖരത്തിലെ 50 ഏക്കറിലെ നെൽക്കൃഷി വെള്ളത്തിൽ മുങ്ങി. എട്ട് ദിവസം മാത്രം മൂപ്പെത്തിയ നെൽച്ചെടിയാണ് ചൊവ്വാഴ്ച പെയ്ത ശക്തമായ മഴയിൽ മുങ്ങിയത്. ഇതുമൂലം കർഷകർക്ക് 15 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പാലാഴി ചീപ്പുവഴി അടിയന്തര ഘട്ടങ്ങളിൽ വെള്ളം പുഴയിലേക്ക് ഒഴുക്കി വിടാൻ കഴിയാത്തതും കൃഷിനാശത്തിന് കാരണമായി. വർഷങ്ങളായി പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറാതിരിക്കാനും കൃഷി ചെയ്യുന്നതിന് പാടശേഖരങ്ങളിൽ വെള്ളം കെട്ടി നിറുത്താനുമായി ചീപ്പിനുള്ളിൽ പലക നിരത്തി മണ്ണിട്ട് നികത്തിയാണ് ചീപ്പ് അടയ്ക്കുന്നത്. അതിനാൽ ഇതുപോലെ അടിയന്തര ഘട്ടങ്ങളിൽ ഓടിച്ചെന്ന് ചീപ്പ് തുറന്ന് വെള്ളം ഒഴുക്കിവിടാൻ കഴിയാത്ത അവസ്ഥയാണ്. ചാത്തൻകുളങ്ങര പാടശേഖര നെല്ല് ഉത്പാദക സമിതി പ്രസിഡന്റ് സൂര്യൻ പൂവ്വശ്ശേരി, സമിതി അംഗങ്ങളായ സുജിത്ത് പണ്ടാരൻ, ഇനാശു, ആന്റണി, ആന്റോ എന്നിവരുടെ നേതൃത്വത്തിൽ കർഷകരും തൊഴിലാളികളും വളരെ ബുദ്ധിമുട്ടിയാണ് ചീപ്പിനുള്ളിലെ മണ്ണും പലകയും നീക്കം ചെയ്ത് പുഴയിലേക്ക് വെള്ളം ഒഴുക്കിവിട്ടത്.
ഇതിനൊരു പരിഹാരമായി 2020ൽ മുരളിപെരുനെല്ലി എം.എൽ.എയുടെ വികസന ഫണ്ട് ഉപയോഗിച്ച് ഫയ്ബർ ഷട്ടർ അനുവദിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് കർഷകർ പറഞ്ഞു. ഉപ്പുവെള്ളം കയറാതിരിക്കാൻ താത്കലികമായി ചീപ്പ് അടയ്ക്കുന്നതിന് വൻ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്. നെൽക്കൃഷി നിലനിറുത്തി പോകുന്നതിന് സർക്കാർ തലത്തിൽ സഹായങ്ങൾ അനുവദിച്ചു തരണമെന്ന് കർഷകർ ആവശ്യപ്പെട്ടു.