തൃശൂർ: മഴയിൽ ഒഴുകിയെത്തിയ വെള്ളത്തിൽ മുങ്ങി നെൽക്കൃഷി നശിച്ചു. ചൂരക്കാട്ടുകര, കുറുങ്ങേലി പടവുകളിലെ ഏക്കർ കണക്കിന് നെൽക്കൃഷിയാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത്. കുറുങ്ങേലി പടവിലെ 90 ഏക്കറോളം നെൽക്കൃഷി വെള്ളത്തിനടിയിലായി. ഞാറ് നട്ട് മൂന്നാഴ്ച മാത്രമേയായിട്ടുള്ളൂ. വെള്ളം മുങ്ങി കിടക്കുന്നതിനാൽ ഇനി ഞാറ് പിടിക്കാൻ സാദ്ധ്യതയില്ലെന്ന് കർഷകർ പറഞ്ഞു. അതിനാൽ ഇത്തവണത്തെ നെൽക്കൃഷിയും ഇല്ലാതാകും. വീണ്ടും വിത്തിട്ട് കൃഷി നടത്താൻ സാധിക്കുമോയെന്നതിൽ കർഷകർക്ക് ഉറപ്പില്ല. വിത്ത് കിട്ടാൻ സാദ്ധ്യത കുറവാണ്. വിത്തിട്ട് ഞാറ് പറിച്ച് നട്ടാണ് ഇത്തവണ കൃഷിയിറക്കിയത്. അപ്രതീക്ഷിതമായി വെള്ളമെത്തിയതോടെ എല്ലാ കണക്കുകൂട്ടലും തെറ്റി. തോടും നിറഞ്ഞൊഴുകുന്നതിനാൽ വെള്ളം ഒഴിഞ്ഞു പോകാൻ വഴിയില്ലാതായി. വെള്ളം ഒഴിവാക്കാൻ മറ്റ് വഴികളില്ലാതെ കഷ്ടത്തിലായിരിക്കുകയാണ് കർഷകർ.