
നശിച്ചത് 290 ഏക്കറിലെ കൃഷി
മുതുവറ: ചൂരക്കാട്ടുകര - മുതുവറ കോൾ പടവിലെ നെൽക്കൃഷി വെള്ളത്തിലായി. രണ്ട് ദിവസം മുമ്പ് പെയ്ത മഴയിലാണ് 290 ഏക്കറിലെ കൃഷി വെള്ളത്തിലായത്. അഞ്ച് മുതൽ പത്ത് ദിവസം വരെ പാകമായ നെൽച്ചെടികളാണ് നശിച്ചത്. പടവിലെ തോടുകൾ കരകവിഞ്ഞ് പാടത്തേക്ക് ഒഴുകുന്നതിനാൽ മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാനും സാധിക്കുന്നില്ല. പലയിടത്തും ബണ്ടുകൾ പൊട്ടിയും വെള്ളം പാടത്തേക്ക് ഒഴുകുകയാണ്. സഹകരണ സംഘങ്ങളിൽ നിന്നും മറ്റും ലോൺ എടുത്താണ് കൃഷിയെന്നും വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നും കർഷകർ പറഞ്ഞു. വെള്ളം പൂർണമായും വറ്റിച്ച ശേഷമെ മൂപ്പ് കുറഞ്ഞ വിത്ത് രണ്ടാമത് ഇറക്കി കൃഷി ചെയ്യാൻ പറ്റുകയുള്ളൂ.
കർഷകസംഘം ജില്ലാ സെക്രട്ടറി എ.എസ്.കുട്ടി, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത്ത് കുമാർ, ഫാർമേഴ്‌സ് ബാങ്ക് ഡയറക്ടർ ഐ.പി.മിനി, കൃഷി ഓഫീസർ അശ്വതി ഗോപിനാഥ്, കോൾപടവ് കമ്മിറ്റി കൺവീനർ വി.എൻ. ഗോപാലകൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.