issue

കൊരട്ടി: നേരത്തെ ഉറപ്പ് നൽകിയ ഉയരമില്ലെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി പ്രവർത്തകരും വ്യാപാരികളും ചിറങ്ങര അടിപ്പാത നിർമ്മാണം തടഞ്ഞു. ഇന്നലെ അടിപ്പാത നിർമ്മാണം ആരംഭിക്കാനിരിക്കുകയായിരുന്നു. കരാർ കമ്പനിക്കാർ നിർമ്മാണത്തിന്റെ രൂപരേഖ പുറത്തെടുത്തപ്പോഴാണ് നാട്ടുകാർ അപകടം മണത്തത്. ഉൾഭാഗത്ത് 4.5 മുതൽ 5 മീറ്റർ വരെ ഉയരമുള്ള അടിപ്പാതയാണ് നിർമ്മിക്കുന്നതെന്ന് വ്യക്തമായതോടെ വ്യാപാരികൾ പരിസരത്ത് തടിച്ചുകൂടി. ഉടനെ ബി.ജെ.പി പ്രവർത്തകരും രംഗത്തെത്തി. അഡ്വ. സുമേഷിന്റെ നേതൃത്വത്തിൽ സി.പി.എം പ്രവർത്തകരും പ്രതിഷേധം ഉയർത്തി. ഉപരോധത്തിന്റെ വക്കോളം എത്തിയപ്പോൾ പൊലീസും രംഗത്തെത്തി. ഇതോടെ തുടങ്ങാനിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് കരാറുകാരും ഉദ്യോഗസ്ഥരും മടങ്ങി. അഞ്ചര മീറ്റർ ഉയരം ഉണ്ടെങ്കിൽ മാത്രമേ ചരക്ക് ലോറി അടക്കമുള്ള വലിയ വാഹനങ്ങൾ അടിപ്പാതയിലൂടെ കടന്നു പോവുകയുള്ളൂ. നേരത്തെ ഇത്തരത്തിലുള്ള രൂപരേഖയാണ് ബന്ധപ്പെട്ട സംഘടനകൾക്ക് ദേശീയപാത അധികൃതർ നൽകിയിരുന്നത്. ടി.എസ്. മുകേഷ്, സി.ടി. ജൈജു, പ്രവീൺ ചിറങ്ങര, നിശാന്ത് അധികാരത്തിൽ തുടങ്ങിയ ബി.ജെ.പി നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി