 
വല്ലച്ചിറ: ദേശീയ കായിക രംഗത്തേക്ക് ഉയരാൻ വല്ലച്ചിറയുടെ സ്വന്തം കായിക താരം എൻ.കെ. മുരളീധരൻ (57). 2025 ഫെബ്രുവരിയിൽ കേരളത്തിൽ നടക്കുന്ന ദേശീയ മീറ്റിൽ പങ്കെടുക്കാൻ യോഗ്യത നേടിയ മുരളീധരൻ മത്സരത്തിൽ വിജയം കൈപ്പിടിയിലാക്കാനുള്ള കഠിന കായിക പരിശീലനത്തിലാണ്. വല്ലച്ചിറ ഓണാഘോഷ ഗ്രാമോത്സവ കായിക കലാ മത്സരങ്ങളിലൂടെയാണ് മുരളീധരൻ സജീവത നേടുന്നത്. കൈരളി ആർട്‌സ് ആൻഡ് സ്‌പേർട്‌സ് ക്ലബ്ബിന്റെ മത്സരാർത്ഥിയായാണ് മുരളീധരൻ ലോംഗ് ജംപ്, ഓട്ടം, റിലേ മത്സരങ്ങളിൽ വിജയം നേടുന്നത്. വല്ലച്ചിറ ഗവ. യു.പി സ്‌കൂൾ, ചേർപ്പ് സി.എൻ.എൻ സ്‌കൂളുകളിൽ പഠനകാലത്ത് ജില്ലാ കായിക രംഗത്തും നിരവധി വിജയങ്ങൾ മുരളീധരനെ തേടിയെത്തി. സാമ്പത്തിക പരാധീനതകളെത്തുടർന്ന് ഇടക്കാലത്ത് കായിക രംഗം വിട്ടു. ചേർപ്പ് തായംകുളങ്ങരയിൽ വീഡിയോപാലസ് എന്ന സ്ഥാപനം തുടങ്ങുകയും ഇലക്ട്രോണിക്‌സ് പഠനം നടത്തുകയും ചെയ്തു. പൊലീസ്, എക്‌സൈസ്, മിലിട്ടറി, ബീറ്റ് പൊലീസ്, ഫയർഫോഴ്‌സ് തുടങ്ങിയവർക്ക് വല്ലച്ചിറ, ചേർപ്പ് മഹാത്മ മൈതാനം, സി.എൻ.എൻ സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ സൗജന്യമായി കായിക പരിശീലനം നൽകിവരുന്ന മുരളീധരന് കായികരംഗത്ത് നിരവധി ശിഷ്യന്മാരുമുണ്ട്. ഇവർക്കൊല്ലാം സർക്കാർ ജോലി ലഭിക്കുകയും ചെയ്തു. സൗജന്യ കായിക പരിശീലനത്തിനായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇപ്പോഴും വിദ്യാർത്ഥികൾ മുരളീധരനെ തേടിയെത്താറുണ്ട്. വിലപ്പിടിച്ച രേഖകൾ, സർട്ടിഫിക്കറ്റുകൾ ലാമിനേഷൻ പൊളിച്ചു മാറ്റി കൊടുക്കുന്ന പ്രക്രിയ കണ്ടുപിടിക്കുകയും ഉപജീവനമാർഗമാക്കുകയും ചെയ്തു. വീട്ടിൽ ഫലവൃക്ഷ, പഴവർഗ, കാർഷിക രംഗത്തും എഴുത്ത്, നാടകരംഗത്തും സജീവമായ മുരളീധരൻ മാസ്റ്റേഴ്‌സ് മീറ്റിൽ ആദ്യമായി പങ്കെടുത്ത് ലോംഗ്ജംപിലും ഓട്ടത്തിലും വെങ്കലം, വെള്ളി, സ്വർണം മെഡൽ നേടുകയും ദേശീയ മീറ്റിൽ മത്സരിച്ച് ബ്രോൺസ് മെഡൽ ലഭിക്കുകയും ചെയ്തു. ഹൈദരാബാദ്, അയോദ്ധ്യ എന്നിവിടങ്ങളിൽ ഓട്ടം, ലോംഗ് ജംപ് മത്സരങ്ങളിൽ പങ്കെടുത്ത് ദേശീയ തലത്തിൽ സ്വർണ മെഡൽ നേടിയിരുന്നു.