krish-nasam
1

അന്തിക്കാട് : മണലൂർ സൗത്ത് പാടശേഖരത്തിലെ പെരുമ്പുഴ തെക്കുവശത്തുള്ള പുഞ്ച ഭാഗത്ത് പത്തേക്കറോളം പാടത്തെ നെൽക്കൃഷി വെള്ളം കയറി നശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലാണ് നിരവധി കർഷകരുടെ നെൽക്കൃഷി വെള്ളത്തിലായത്. ആനക്കാട് തുടങ്ങിയ കരപ്രദേശങ്ങളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തിയാണ് കൃഷിനാശമുണ്ടായത്. വെള്ളമൊഴുകി പോകാനുള്ള സംവിധാനമില്ലാത്തതാണ് നിരന്തരമായുണ്ടാകുന്ന വെള്ളക്കെട്ടിന് കാരണമെന്ന് കർഷകർ പറഞ്ഞു. ഇതുമൂലം പതിവായി ഇവിടെ കൃഷിനാശമുണ്ടാകാറുണ്ട്. ഹൈലെവൽ കനാൽ വന്നതിനുശേഷമാണ് പ്രശ്‌നം രൂക്ഷമായതെന്നും കർഷകർ പറയുന്നു. വെള്ളം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ അധികൃതർ ഒരുക്കി തരാത്തതാണ് പതിവായുണ്ടാകുന്ന കൃഷിനാശത്തിന് ഇടയാകുന്നതെന്നും കർഷകർ ആരോപിച്ചു. കൃഷി ഉദ്യോസ്ഥരോടും പഞ്ചായത്ത് അധികൃതരോടും നിരന്തരം പരാതി പറഞ്ഞിട്ടും യാതൊരു നടപടിയുമെടുക്കുന്നില്ലെന്നും കർഷകർ പറഞ്ഞു. ഈ സ്ഥിതി തുടർന്നാൽ കൃഷി ഉപേക്ഷിച്ച് നെൽപ്പാടം തരിശിടാനാണ് കർഷകരുടെ തീരുമാനം.