കുന്നംകുളം: സോതോ സോതോ ളാമിരേ... സോതോ സോതോ ളാമിരേ... മാടോട്ടി പോണ ളാമിരേ...മാട്‌ക്കൊരു കണ്ണ് ളാമീതേ.... എന്ന പാട്ടിന്റെ അകമ്പടിയോടെ ഗോത്രകലയായ ഇരുളനൃത്തം കലോത്സവ സദസിന് പുതുമയായി. അട്ടപ്പാടി ഊരിലെ ആർ.മുരുകന്റെയും സി.മുരുകേശന്റെയും ശിക്ഷണത്തിൽ തനിമ ചോരാതെ അവതരിപ്പിച്ച് സ്‌കൂൾ കലാമേളയിൽ ആദ്യമായെത്തിയ ഇരുളനൃത്തത്തിൽ വാളൂർ എൻ.എസ്.എച്ച്.എസിലെ വിദ്യാർത്ഥികൾ ഒന്നാമതെത്തി. മൺമറഞ്ഞുപോകുന്ന ഈ ഗോത്രകലയുടെ പുനരുജ്ജീവനമാണ് വേദിയിൽ കണ്ടത്. ആദ്യമായി കലോത്സവ ഇനത്തിൽ ഉൾപ്പെടുത്തിയ ഇരുള നൃത്തം കാണികൾക്കും നവ്യാനുഭവമായി.

ഇരുള സമുദായംഗങ്ങളായ പാലക്കാട് അട്ടപ്പാടി കാരയൂര് മുരുകനും ഭൂത്‌വഴിയിലെ മുരുകേശനും പതിറ്റാണ്ടായി അനുവർത്തിച്ചുവന്ന അനുഷ്ഠാനം കുട്ടികൾക്ക് പകർന്നു നൽകുകയായിരുന്നു. നമുക്ക് നാമേ എന്ന ഗോത്ര കലാ സാംസ്‌കാരിക സമിതി പ്രവർത്തകരായ മുരുകനും മുരുകേശനും കഴിഞ്ഞ 28 വർഷമായി ഇരുളനൃത്ത കലാകാരന്മാരാണ്. മാടിനെ മേയ്ക്കാൻ കാടുകയറിപ്പോകുന്ന മുറപ്പെണ്ണിനെ കുറിച്ചുള്ളതാണ് പാട്ടിന്റെ ഇതിവൃത്തമെന്ന് പരിശീലകർ പറഞ്ഞു. എഴുത്തില്ലാതെ വാമൊഴി മാത്രമായി തലമുറകളിലേക്ക് പകരുന്ന ഇരുളഗാനം വിദ്യാർത്ഥികളെ പഠിപ്പിച്ചെടുക്കുന്നത് ശ്രമകരമാണെങ്കിലും മുരുകനും മുരുകേശനും പരിശീലിപ്പിച്ച നാല് ടീമുകൾ വിവിധ ജില്ലകളിൽ നിന്നായി ഇത്തവണ സംസ്ഥാന കലോത്സവത്തിൽ മാറ്റുരയ്ക്കും.

വാളൂർ എസ്.എസ്.എച്ച്.എസിന് പുറമേ വടകര മേമുണ്ട സ്‌കൂൾ, പത്തനംതിട്ട വടശേരിക്കര എം.ആർ.എസ്.എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലും യോഗ്യത നേടി. ഏഴ് പെൺകുട്ടികളും അഞ്ച് ആൺകുട്ടികളും അടക്കം പന്ത്രണ്ട് പേരാണ് അരങ്ങിലെത്തിയത്. ഇരുള വിഭാഗത്തിന്റെ പരമ്പരാഗത വാദ്യോപകരണങ്ങളായ കൊഗൽ, തവിൽ, പൊറൈ, ജാൽറ എന്നിവ പാട്ടിന് താളമേകി.

നൃത്തം സംസ്കാരത്തിന്റെ ഭാഗം

കാർഷിക വൃത്തികളോട് അനുബന്ധിച്ചും വിവാഹം, ആഘോഷം, മരണം എന്നിവയോട് അനുബന്ധിച്ചുമെല്ലാമാണ് ഇരുള നൃത്തം അവതരിപ്പിക്കാറ്. ആചാരങ്ങളുടെ ഭാഗമായും ഗോത്ര അംഗങ്ങളുടെ ശവസംസ്‌കാരച്ചടങ്ങിലും ഇത് നടത്തപ്പെടുന്നു. ഊരിൽ നിന്നുള്ള അംഗങ്ങൾ വൈകിട്ട് മുതൽ രാത്രി പുലരും വരെ പാട്ടും നൃത്തവുമായി രാവിലെ വരെ ഒത്തുചേരുന്ന ഈ കലാരൂപം മത്സരഇനമായതോടെ 15 മിനിറ്റിൽ രൂപപ്പെടുത്തിയാണ് അരങ്ങിലെത്തുന്നത്. ഹൈസ്‌കൂൾ വിഭാഗത്തിൽ ആകെ പത്ത് ടീമാണ് മത്സരിച്ചത്. ഇതിൽ അഞ്ച് ടീമുകൾ എ ഗ്രേഡ് നേടി.