വടക്കാഞ്ചേരി: കുമ്പളങ്ങാട് നിവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട മാലിന്യ ദുരിതത്തിന് പരിഹാരം. അഞ്ചാം ഡിവിഷനിലെ ഒന്നര ഏക്കർ സ്ഥലത്ത് നഗരസഭയുടെ ബയോ മൈനിംഗ് പദ്ധതിക്ക് തുടക്കമായി. ലോക ബാങ്കിന്റെ സഹായത്തോടെ കെ.എസ്.ഡബ്ലിയു.എം.പി ഫണ്ടിൽ നിന്ന് 9 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി. മൂന്നുമാസം കൊണ്ട് പൂർത്തീകരിക്കും. ട്രയൽ റൺ നഗരസഭ ചെയർമാൻ പി.എൻ.സരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ കവിത കൃഷ്ണനുണ്ണി, എ.ഡി.അജി, സെക്രട്ടറി കെ.കെ.മനോജ്, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സിദ്ധിക്കുൽ അക്ബർ, എൻജിനിയർ സുജിത്ത് ഗോപിനാഥ്, ഉദ്യോഗസ്ഥരായ അരുൺ വിൻസന്റ്, ശ്രീകുമാർ, സുനിൽ, മിഥിൻ മാത്യു എന്നിവർ സംസാരിച്ചു.
മൂന്ന് പതിറ്റാണ്ട് പഴക്കമായാലും സംസ്‌കരിക്കാം
മുപ്പത് വർഷത്തോളം പഴക്കമുള്ള ഏകദേശം 20,000 ടൺ മാലിന്യമാണ് ബയോ മൈനിംഗ് നടത്തുന്നത്. ആധുനിക ട്രോമെൽ യന്ത്ര സംവിധാനത്തിന്റെ സഹായത്തോടെ പ്ലാസ്റ്റിക്, റബർ തുടങ്ങിയ മാലിന്യങ്ങൾ വേർതിരിച്ച് സിമന്റ് നിർമാണ മേഖലയിലേക്ക് കയറ്റുമതി ചെയ്യാനാകും. പ്രതിദിനം 400 ടൺ മാലിന്യങ്ങൾ തരംതിരിച്ച് സംസ്‌കരിക്കാനുള്ള ശേഷി യന്ത്രസംവിധാനത്തിനുണ്ട്. പരിശോധിച്ച ശേഷം അനയോജ്യമായാൽ പുനരുപയോഗിക്കാനും കഴിയും.
വൃത്തിഹീനമായ അന്തരീക്ഷത്തിനു വിട
കുമ്പളങ്ങാട് ഖര മാലിന്യ പ്ലാന്റ് വൃത്തിഹീനമായതോടെ പ്രദേശവാസികളുടെ ജീവിതം ദുരിത പൂർണമായിരുന്നു. മലിനജലം ജനവാസമേഖലയിലേക്ക് ഒഴുകിയെത്തുന്ന സ്ഥിതി. ഈച്ചശല്യം അതിരൂഷമായിരുന്നു. ഭക്ഷണം പാചകം ചെയ്യാനോ, കഴിക്കാനോ സാധിക്കാത്ത അവസ്ഥ. ഖര മാലിന്യങ്ങൾ പ്ലാന്റിലെത്തിച്ച് ഉണക്കിയെടുത്ത് പൊടിച്ച് വളമാക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്.