 
മതിലകം : അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ കൂളിമുട്ടം എ.എം.യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഇക്കോബ്രിക്ക് അജൈവ മാലിന്യ സംസ്‌കരണത്തിന് വേറിട്ട മാതൃകയാകുന്നു. ഇക്കോബ്രിക്ക് ഉപയോഗിച്ച് മീൻവളർത്തൽ കുളവും അക്വാപോണിക്‌സ് സസ്യപരിചരണ സംവിധാനവും ഒരുക്കിയിട്ടുമുണ്ട്.
സ്‌കൂൾ മാനേജർ പി.എം. അബ്ദുൾ മജീദിന്റെ ഭാവനയിൽ വിരിഞ്ഞ ആശയം കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഏറ്റെടുത്തതോടെ പദ്ധതി വൻവിജയമായി. രാവിലെ നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് സി.എ. മുഹമ്മദ് അഷറഫ് അദ്ധ്യക്ഷനായി. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ മുഖ്യാതിഥിയായി. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ സുമതി സുന്ദരൻ, വാർഡ് അംഗം കെ.കെ. സഗീർ, പ്രധാന അദ്ധ്യാപിക കെ.പി. അജിത, സ്‌കൂൾ ലീഡർ മുഹമ്മദ് റഫാൻ, അദ്ധ്യാപകൻ വി.എസ്. സൂരജ് തുടങ്ങിയവർ സംസാരിച്ചു.
കുപ്പികളിൽ പ്ലാസ്റ്റിക്ക് മാലിന്യം നിറച്ച് നിർമ്മാണം
ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പികളിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിറച്ചാണ് ഇക്കോബ്രിക്ക് നിർമ്മിക്കുന്നത്. ഏകദേശം 350 ഗ്രാമിന് മുകളിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഓരോ ഇക്കോബ്രിക്കിലും ശേഖരിക്കുന്നു. ഏകദേശം 2000 ഇക്കോബ്രിക്കുകൾ നിർമ്മിക്കാനായി 700 കിലോയിലധികം പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ഉപയോഗിച്ചത്. വിദ്യാർത്ഥികളുടെ വീടുകളിൽ നിന്നും സമീപത്തുള്ള എം.സി.എഫിൽ നിന്നുമാണ് പ്ലാസ്റ്റിക്ക് ശേഖരിച്ചത്. ഇക്കോബ്രിക്ക് ഉപയോഗിച്ച് ആയിരം ലിറ്റർ വെള്ളം സംഭരിക്കാവുന്ന മീൻ വളർത്തൽ കുളവും ചെടിച്ചെട്ടി വയ്ക്കുന്നതിനുള്ള സ്റ്റാൻഡുകളും സ്‌കൂളിൽ നിർമ്മിച്ചിട്ടുണ്ട്. കുളത്തിൽ അഞ്ഞൂറോളം മീനുകളെ വളർത്തുന്നുണ്ട്. അക്വാപോണിക്‌സ് സസ്യപരിചരണവും ഇതോടൊപ്പം നടക്കുന്നു.
അജൈവ മാലിന്യ പരിപാലനത്തിന്റെ പ്രാധാന്യം മറ്റുള്ളവർക്ക് പകർന്നുകൊടുക്കുകയും പ്ലാസ്റ്റിക്കിന്റെ പുനരുപയോഗ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുകയുമാണ് ലക്ഷ്യം.
- അദ്ധ്യാപകർ