photo
1

തൃശൂർ : കലയുടെ നിറസമൃദ്ധിയൊരുക്കി രണ്ടാം ദിനം. കലോത്സവത്തിലെ കന്നിക്കാരായി ഇരുള നൃത്തവും പണിയനൃത്തവും രണ്ടാം ദിനത്തെ കൈയിലെടുത്തപ്പോൾ നാടോടിയും ഒപ്പനയും സംഘനൃത്തവും ആസ്വാദകരുടെ മനം കവർന്നു. ക്ഷേത്രകലകളായ ഓട്ടൻതുള്ളലും കൂടിയാട്ടവും പാഠകവും നങ്ങ്യാർക്കൂത്തുമെല്ലാം പാരമ്പര്യത്തനിമ പുലർത്തി കലോത്സവവേദിയെ സമ്പന്നമാക്കി. അക്ഷര ശ്ലോകവും കാവ്യകേളിയും പ്രസംഗ മത്സരവുമെല്ലാം മികവു പുലർത്തി. നാദവിസ്മയമായി ലളിതഗാനവും ശാസ്ത്രീയ ഗാനവും ഓടക്കുഴലുമെല്ലാം വേദികളെ സംഗീതസാന്ദ്രമാക്കി. മൂന്നാം ദിനമായ ഇന്ന് തിരുവാതിരക്കളിയും നാടകവും ഭരതനാട്യവും മോഹിനിമാരുടെ ലാസ്യപ്രകടനവും ചെണ്ടമേളവും പഞ്ചവാദ്യവുമെല്ലാം അരങ്ങിന് കൊഴുപ്പേകും.


സമയക്രമം അങ്ങ് ദൂരെ....

ഇന്നലെയും സമയക്രമം ഒരു വേദിയിലും പാലിക്കാനായില്ല. ഒന്നാം വേദിയിൽ അരങ്ങേറിയ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ഇരുളനൃത്തം സമാപിച്ചപ്പോൾ ഏഴായി. ഇതേ വേദിയിൽ നാലിന് ആരംഭിക്കാനിരുന്ന ഹൈസ്‌കൂൾ വിഭാഗം പണിയ നൃത്തം ആരംഭിച്ചത് ഏഴരയ്ക്കാണ്. മണിക്കൂറുകളോളം മത്സരാർത്ഥികൾ വേദിക്ക് പുറത്ത് മത്സരത്തിനായി കാത്തിരുന്നു. എല്ലാ വേദികളിലും മത്സരം മണിക്കൂറുകളോളം വൈകി.


പേരിന് പോലും ഒരു എം.എൽ.എയെത്തിയില്ല

സ്‌കൂൾ കലോത്സവത്തോട് മുഖം തിരിച്ച് എം.എൽ.എമാർ. സ്ഥലം എം.എൽ.എ ഒഴികെ ആരും ഉദ്ഘാടനച്ചടങ്ങിനെത്തിയില്ല. മന്ത്രി ആർ.ബിന്ദുവിന് പകരം എ.സി.മൊയ്തീനാണ് ഉദ്ഘാടനം നിർവഹിച്ചത്. പി.ബാലചന്ദ്രൻ, മുരളി പെരുനെല്ലി, സനീഷ് കുമാർ ജോസഫ്, വി.ആർ.സുനിൽ കുമാർ, എൻ.കെ.അക്ബർ എന്നിവരെയാണ് ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചത്.