കൊടുങ്ങല്ലൂർ: അഴീക്കോട്- മുനമ്പം ബോട്ട് സർവീസ് തുടർച്ചയായി നടത്തുന്നതിൽ തൃശൂർ ജില്ലാ പഞ്ചായത്ത് ഏതെങ്കിലും തരത്തിലുള്ള വീഴ്ച വരുത്തിയാൽ പഞ്ചായത്ത് വകുപ്പ് ഡയറക്ടർ ഇടപെടണമെന്നും ഫെറി സർവീസ് മുടങ്ങാതെ നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും ഹൈക്കോടതിയുടെ നിർദ്ദേശം. ഫെറി സർവീസ് സുഗമമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ യഥാസമയം എടുക്കുന്നതിനും ഹൈക്കോടതി പഞ്ചായത്ത് വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. അഴീക്കോട്- മുനമ്പം പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുംവരെ ഫെറി സർവീസ് തടസമില്ലാതെ നടക്കാൻ നടപടി ആവശ്യപ്പെട്ട് പാലം സമരസമിതിക്ക് വേണ്ടി ഭാരവാഹികളായ ഇ.കെ. സോമൻ, പി.എ. കരുണാകരൻ എന്നിവർ അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന നൽകിയ ഹർജിയിൽ തീർപ്പ് കൽപ്പിച്ച് കൊണ്ടുള്ള ഉത്തരവിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പഞ്ചായത്ത് ഡയറ്കടർക്ക് നിർദ്ദേശം നൽകിയത്.