
കയ്പമംഗലം: പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ പാചകക്കാരനെ അറസ്റ്റ് ചെയ്തു. പെരിഞ്ഞനത്തെ സെയിൻ ഹോട്ടലിലെ കുഴിമന്തി പാചകം ചെയ്ത വെസ്റ്റ് ബംഗാൾ സ്വദേശി മജ്ഹാർ ആലമിനെയാണ് (28) കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടൽ നടത്തിപ്പുകാരായ റഫീക്ക്, അസ്ഫീർ എന്നിവരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ മേയ് 23 നായിരുന്നു സംഭവം. പെരിഞ്ഞനം കുറ്റിലക്കടവ് രായംമരക്കാർ വീട്ടിൽ ഉസൈബയാണ് വിഷബാധയേറ്റ് മരിച്ചത്. 250 ഓളം പേർക്കാണ് അന്ന് ഭക്ഷ്യവിഷബാധയേറ്റത്. സംഭവത്തിന് ശേഷം പൊലീസും ആരോഗ്യവിഭാഗവും ചേർന്ന് ഹോട്ടൽ അടപ്പിക്കുകയും നടത്തിപ്പുകാർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്.ഐമാരായ സൂരജ്, ജെയ്സൺ, ബിജു, ജ്യോതിഷ് എന്നിവർ ചേർന്നാണ് മജ്ഹർ ആലത്തെ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.