rode
ഭാരമുള്ള വാഹനങ്ങൾ നിരോധിച്ചു

മുണ്ടൂർ: കൊട്ടേക്കാട് - മുണ്ടൂർ റോഡിലെ കോളങ്ങാട്ടുകര പാലത്തിന്റെ പുനർനിർമ്മാണത്തിന്റെ ഭാഗമായി പഴയ പാലം തിങ്കളാഴ്ച പൊളിക്കും. യാത്രാ സൗകര്യത്തിനായ് സമീപത്ത് താത്കാലികമായി ബണ്ട് റോഡ് നിർമ്മിച്ചിട്ടുണ്ടെങ്കിലും ഭാരവാഹനങ്ങൾ ഈ പാതയിലൂടെ കടത്തിവിടില്ല. പുതിയ പാലത്തിന് 25 മീറ്റർ നീളവും പാലത്തിനിരുവശത്തും 1.50 മീറ്റർ വീതിയിൽ നടപ്പാതകളോട് കൂടി 11 മീറ്റർ വീതിയുമാണുള്ളത്. അപ്രോച്ച് റോഡ് ടൈൽ വിരിക്കുന്ന പ്രവൃത്തി ഉൾപ്പെടെയാണ് പുതിയപാലം നിർമ്മിക്കുന്നത്. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ ശുപാർശ പ്രകാരം പാലത്തിന്റെ പുനർനിർമ്മാണ പ്രവൃത്തിക്ക് നബാഡ് ആർ.ഐ.ഡി.എഫ് ഫണ്ടിൽ ഉൾപ്പെടുത്തി താത്കാലിക ബണ്ട് ഉൾപ്പെടെ 5.98 കോടി രൂപ ചിലവഴിച്ചാണ് പുതിയപാലം നിർമ്മാണം. 12.70 കോടി ചെലവിൽ പാലം സ്ഥിതി ചെയ്യുന്ന കൊട്ടക്കാട് മുണ്ടൂർ-റോഡ് ബി.എം. ആൻഡ് ബി.സി നിലവാരത്തിലുള്ള നവീകരണം പുരോഗമിക്കുകയാണ്. നിർമ്മാണങ്ങൾ പൂർത്തിയാകുന്നതോടെ ജില്ലയിലെ പ്രധാന വ്യവസായ മേഖലയായ മുണ്ടൂർ വ്യവസായ എസ്റ്റേറ്റ് , ഗവ:മെഡിക്കൽ കേളേജ് എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് കൂടുതൽ ഗുണകരമാകും.