muhamed

കുന്നംകുളം: പ്രളയ പയോധിജലേ, ധൃതവാനസി വേദം, വിഹിതവഹിത്രചരിത്രമഖേദം കേശവധൃത... എന്ന് തുടങ്ങുന്ന ശ്രീകൃഷ്ണ - രാധാ പ്രണയ സല്ലാപമായ ജയദേവരുടെ അഷ്ടപദി ഗീതം അരങ്ങിൽ സംഗീതപ്പൂമലരായ് പെയ്തിറങ്ങി. കുഞ്ഞു ചേങ്ങിലയിൽ താളമിട്ട് പാടി തീർത്ത് ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ അഷ്ടപദി ചെസ്റ്റ് നമ്പർ അഞ്ച് വേദിയിൽ നിന്ന് ഇറങ്ങിയപ്പോൾ നിർത്താത്തെ കെെയടി. പതിനാലു പേർ മത്സരിച്ച അഷ്ടപദിയിൽ അവസാനം വിധി കർത്താക്കൾ പറഞ്ഞതും ശ്രോതാക്കളുടെ മനവും ഒന്നു തന്നെയായിരുന്നു ' ചെസ്റ്റ് 5 '. പക്ഷേ പിന്നീട് മത്സരാർത്ഥിയുടെ പേര് കേട്ടപ്പോൾ പലരും അത്ഭുതംകൂറി. മുഹമ്മദ് അഫ്‌ലഗ് ആയിരുന്നു ആ കൊച്ചുമിടുക്കൻ. വർഷങ്ങളായി ഈ മേഖലകളിൽ തിളങ്ങുന്നവരെ പിന്നിലാക്കിയാണ് മച്ചാട് ഗവ. ഹയർ സെക്കഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഫ്‌ലഗിന് ഒന്നാം സ്ഥാനം ലഭിച്ചത്. എസ്.ഡി. ദേവികറാണിയുടെ ശിക്ഷണത്തിൽ എതാനും നാളുകൾകൊണ്ട് പഠിച്ചെടുത്താണ് ജില്ലാ കലോത്സവത്തിന് മുഹമ്മദ് അഫ്‌ലഗ് എത്തിയത്. എൽ.കെ.ജി മുതൽ സംഗീതം പഠിക്കുന്ന മുഹമ്മദ് അഫ്‌ലാഗിന് ലളിതഗാനത്തിലും മാപ്പിളപ്പാട്ടിനും എ ഗ്രേഡ് ലഭിച്ചിരുന്നു. പുന്നംപറമ്പ് കൊടക്കുഴി സലീമിന്റെയും സൽമ്മയുടെയും മകനാണ്. സബയാസ്മിൻ, വഹിജ എന്നിവാണ് സഹോദരങ്ങൾ.