p

തൃശൂർ: ജില്ലാ പഞ്ചായത്തുകളുടെയും കോർപ്പറേഷനുകളുടെയും നേതൃത്വത്തിൽ പേ വിഷബാധ ചെറുക്കാൻ തെരുവുനായ്ക്കൾക്ക് വന്ധ്യംകരണവും കുത്തിവയ്പ്പും നടത്താനുള്ള പദ്ധതിക്ക് വേഗം കുറഞ്ഞു. പദ്ധതി തുടങ്ങി മാസങ്ങൾ കഴിഞ്ഞതോടെ എതിർപ്പുകളുമായി മൃഗസ്‌നേഹികൾ രംഗത്തെത്തിയതും നായ്ക്കളെ പിടികൂടാൻ ആളില്ലാതായതും തിരിച്ചടിയായി.

കുടുംബശ്രീകൾ വഴിയാണ് നായ്ക്കളെ പിടിച്ച് സെന്ററുകളിലെത്തിക്കാനുള്ള നടപടിയെടുത്തിരുന്നത്. എന്നാൽ,പദ്ധതി മന്ദഗതിയിലായതോടെ നായ്ക്കളെ പിടിക്കാൻ ആളില്ലാതാവുകയായിരുന്നു. അതേസമയം,തെരുവുനായ്ക്കൾ നഗര-ഗ്രാമഭേദമന്യേ ഭീതി പരത്തുകയാണ്. മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം 8.3 ലക്ഷം വളർത്തുനായ്ക്കളാണുള്ളത്. തെരുവുനായ്ക്കളുടെ കൃത്യമായ കണക്കില്ലെങ്കിലും ഏകദേശം 2.89 ലക്ഷമുണ്ട്. ഇതിൽ 8,654 തെരുവുനായ്ക്കളെ മാത്രമാണ് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്.15 സെന്ററുകൾ വിവിധ ജില്ലകളിൽ പ്രവർത്തിച്ചിരുന്നു. 20 സെന്ററുകൾ കൂടി തുടങ്ങാൻ തദ്ദേശവകുപ്പ് നിർദ്ദേശം നൽകിയിരുന്നെങ്കിലും അതും പ്രാവർത്തികമായിട്ടില്ല.

ആന്റി റാബിസ് വാക്‌സിനേഷൻ എടുത്തത്

(2023-24 ജൂൺ വരെ)


തെരുവുനായ്ക്കൾ...................................8,654
വളർത്തുനായ്ക്കൾ..................................69,151

എ.ബി.സി പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ കഴിയാത്തതാണ് പ്രതിസന്ധിയായത്. മൃഗസ്‌നേഹികളുടെ ഇടപെടലും നായ്ക്കളെ പിടികൂടാൻ ആളില്ലാതായതും തിരിച്ചടിയായി.

-ഡോ.പി.ബി.ഗിരിദാസ്
മൃഗസംരക്ഷണ വകുപ്പ്