 
ചാലക്കുടി: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ചിറങ്ങര റെയിൽവേ മേൽപ്പാലം ഇന്ന്് നാടിന് സമർപ്പിക്കും. രാവിലെ 9.30ന്് പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് ഉദ്ഘാടം നിർവഹിക്കും.കിഫ്ബി ഫണ്ട് ഉപയോഗിച്ച് റെയിൽവേയുടെ സഹകരണത്തോടെ ആർ.ബി.ഡി.സി.കെയാണ് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. കേരള സർക്കാരിന്റെ ലെവൽ ക്രോസ് ഇല്ലാത്ത കേരളം പദ്ധതിയിൽ ഉൾപ്പെടുന്ന ആറാമത്തെ മേൽപ്പാലമാണ് ചിറങ്ങരയിലേത്. സ്റ്റീൽ കോൺക്രീറ്റ് കോംപോസിറ്റ് സാങ്കേതിക വിദ്യയിൽ കണ്ടിന്യൂയസ് സ്പാൻ സ്ട്രക്ചർ മാതൃകയിലാണ് നിർമ്മാണം.
ഗർഡർ, സ്ലാബ് എന്നിവ റെയിൽവേ നേരിട്ടാണ് നിർമ്മിച്ചിത്. സെൻട്രലൈസ്ഡ് സോളാർ പാനലുകളും ബാറ്ററികളും ഉപയോഗിച്ചുള്ള ലൈറ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ബി.ഡി.ദേവസി എം.എൽ.എയുടെ ഇടപെടൽ മൂലം 2016 ലാണ് ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന് സർക്കാർ അനുമതി നൽകിയത്. 2017 ൽ കിഫ്ബി 19.96 കോടി രൂപ അനുവദിച്ചു. 23 ഭൂവുടമകളിൽ നിന്നും 1.78 കോടി രൂപക്ക് 9.07 ആർ ഭൂമി പദ്ധതിക്കായി ഏറ്റെടുത്തു. 2021 ആഗസ്റ്റ് 11ന്് ആരംഭിച്ച പാലം നിർമ്മാണം പിന്നീട് താളം തെറ്റി. തുടർന്ന് സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഉദ്ഘാടന സമ്മേളനത്തിൽ എം.എൽ.എ സനീഷ് കുമാർ ജോസഫ് അദ്ധ്യക്ഷനാകും.എം.പി ബെന്നി ബെഹനാൻ മുഖ്യ പ്രഭാഷണം നടത്തും. എസ്. സുഹാസ്, വി.എസ് പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, പി.സി.ബിജു, മുൻ എം.എൽ.എ. ബി.ഡി. ദേവസി തുടങ്ങിയവർ പ്രസംഗിക്കും.
ചിറങ്ങര റെയിവേ മേൽപ്പാലം