കുന്നംകുളം: ഹൈസ്‌കൂൾ വിഭാഗം തിരുവാതിരക്കളി മത്സര ഫലപ്രഖ്യാപനത്തെ ചൊല്ലി വേദിക്ക് മുന്നിൽ കുട്ടികളുടെ പ്രതിഷേധം. ഒരേ സ്‌കൂളിന് പതിവായി ഒന്നാംസ്ഥാനം കിട്ടുന്നുവെന്നാരോപിച്ചാണ് മറ്റ് രണ്ട് സ്‌കൂളുകളിൽ നിന്നുള്ള മത്സരാർഥികൾ വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. വിധികർത്താക്കളും ഒന്നാംസ്ഥാനം കിട്ടിയ സ്‌കൂളിലെ പരിശീലകനും ഒത്തുകളിക്കുകയാണെന്ന് ഇവർ ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന ഹയർ സെക്കൻഡറി വിഭാഗത്തിലും ഇതേ സ്‌കൂളിനാണ് ഒന്നാംസ്ഥാനം.
ഹൈസ്‌കൂൾ വിഭാഗത്തിൽ ഒന്നാംസ്ഥാനം കിട്ടിയവർ പാട്ടിലെ വരികളും ചുവടും തെറ്റിച്ചതായും ഇതിന്റെ വീഡിയോ കൈയിലുണ്ടെന്നും കുട്ടികളുടെ രക്ഷിതാക്കൾ പറയുന്നു. സംഘാടകരും പൊലീസുകാരും ഇവരുമായി ചർച്ച നടത്തി. അതേസമയം, പ്രതിഷേധിച്ച രണ്ടാമത്തെ സ്‌കൂളിലെ കുട്ടികളെ അദ്ധ്യാപികമാരെത്തി ബലമായി പിന്തിരിപ്പിച്ചു. സ്‌കൂളിന്റെ സൽപ്പേരിന് കുട്ടികൾ കളങ്കമുണ്ടാക്കിയെന്നാണ് ഇവർ കുറ്റപ്പെടുത്തുന്നത്.