 
ഇരിങ്ങാലക്കുട : പൂമംഗലം പഞ്ചായത്തിലെ പടിയൂർ-പൂമംഗലം കോൾപ്പടവിലെ എടക്കുളം പടിഞ്ഞാറെ പാടശേഖര സംഘം നടാൻ തയ്യാറാക്കിയ 35 ഏക്കറോളം നിലം വെള്ളത്തിനടിയിലായി. ട്രില്ലർ അടിച്ച് ഇത്തിൾ ചിന്നി തയ്യാറാക്കിയ നിലങ്ങളാണ് അവുണ്ടറ ചാലിന്റെ ബണ്ടിന്റെ ബലഹീനത കാരണം വെള്ളത്തിനടിയിലായത്. മഴ മാറി അഞ്ച് ദിവസം കഴിഞ്ഞിട്ടും വെള്ളക്കെട്ടിന് യാതൊരു കുറവുമില്ല. 800 കിലോ വിത്ത് പാകിയതും നശിച്ചു. ബണ്ടിന്റെ ഉയരം വർദ്ധിപ്പിക്കണമെന്ന് മുൻവർഷങ്ങളിൽ പഞ്ചായത്തിനേയും കൃഭിവനേയും രേഖാമൂലം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. 2021വരെ തരിശായി കാടുപിടിച്ച് കിടന്നിരുന്ന നിലങ്ങൾ കർഷകരും നിലം ഉടമകളും ചേർന്ന് സംഘം രൂപീകരിച്ചാണ് കൃഷി ചെയ്തുവരുന്നത്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ബണ്ടിന്റെ കാര്യത്തിൽ പഞ്ചായത്തിന്റേയും കൃഷിഭവന്റേയും ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കൃഷിനിലങ്ങൾ തരിശിനിടാനാണ് സംഘത്തിന്റെ തീരുമാനം.
നാശം 12 പാടശേഖരങ്ങളിൽ
ചെമ്മണ്ട പുളിയംപാടം, കാട്ടൂർ തെക്കുംപാടം, പടിയൂർ ദേവസ്വം കോൾ, തൊമ്മാന ചെങ്ങാറുംമുറി, ഏലശ്ശേരി ചെമ്മീൻചാൽ, ആനന്ദപുരം വില്ലേരി, പടിയൂർ കോൾ, പോത്താനി കിഴക്കെപ്പാടം, ചിത്രവള്ളി, യൂണിയൻ കോൾപ്പടവ്, പൊതുമ്പുചിറ, എടശ്ശേരിപ്പാടം തുടങ്ങിയ പാടശേഖരങ്ങളിലാണ് വ്യാപകമായ കൃഷിനാശമുണ്ടായത്.
'നഷ്ടപരിഹാരം നൽകണം'
ഇരിങ്ങാലക്കുട : മേഖലയിലെ വിവിധ പാടശേഖരങ്ങളിലുണ്ടായ വ്യാപക കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കേരള കർഷക സംഘം ആവശ്യപ്പെട്ടു. പുനർ കൃഷി നടത്തുന്നതിനാവശ്യമായ വിത്ത്, വളം, പമ്പ് സെറ്റ്, അനുബന്ധ സഹായങ്ങൾ ഉടൻ നൽകണം എന്നാവശ്യപ്പെട്ട് കർഷകസംഘം പ്രതിനിധി സംഘം പാടശേഖരങ്ങൾ സന്ദർശിച്ചു. ജില്ലാ സെക്രട്ടറി എ.എസ്. കുട്ടി, എക്‌സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണൻ, ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്ര, ചെമ്മണ്ട കായൽ കടുംകൃഷി സംഘം പ്രസിഡന്റ് കെ.കെ. ഷൈജു എന്നിവർ സംഘത്തിലുണ്ടായിരുന്നു.