തൃശൂർ: ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലെ യാർഡ് വികസനത്തിന് ദർഘാസുകൾ ക്ഷണിച്ചതോടെ, കുപ്പിക്കഴുത്ത് ഒഴിവാകും. ഒന്നും രണ്ടും പ്ലാറ്റുഫോമുകളിലെ പാതകൾ വടക്കോട്ട് നീട്ടി യോജിപ്പിച്ചപ്പോൾ, മൂന്നാമത്തെ പ്ലാറ്റുഫോമിലെ പാത എങ്ങുമെത്താതെ ഒരു ടെർമിനസ് പോലെ അവസാനിപ്പിച്ചാണ് ഗുരുവായൂർ സ്റ്റേഷൻ നിർമ്മാണം പൂർത്തിയാക്കിയത്. അതിനാൽ, മൂന്നാമത്തെ പ്ലാറ്റുഫോമിൽ എത്തുന്ന ട്രെയിന്റെ എൻജിൻ വടക്കേയറ്റത്ത് കുടുങ്ങുന്ന നിലയായിരുന്നു. മറ്റൊരു വണ്ടിയുടെ എൻജിൻ കൊണ്ടുവന്ന് കോച്ചുകൾ വലിച്ചുമാറ്റിയാൽ മാത്രമേ എൻജിൻ സ്വതന്ത്രമാവുകയുള്ളൂ. ഇത് ഗുരുവായൂരിൽ വണ്ടികൾ കൈകാര്യം ചെയ്യുന്നതിന് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. കൂടുതൽ ട്രെയിൻ ഓടിക്കുന്നതിന് പ്രധാന തടസമായിരുന്നു കുപ്പിക്കഴുത്ത്.


ഒരു വർഷത്തിനുള്ളിൽ പൂർത്തീകരണം

ഗുരുവായൂർ - തിരുനാവായ പാതയുടെ നിർമ്മാണം നടക്കുമ്പോൾ സ്റ്റേഷനിലെ പോരായ്മ പരിഹരിക്കാമെന്ന ഉദ്ദേശത്തോടെയായിരുന്നു നിർമ്മാണ പദ്ധതി പൂർത്തിയാക്കിയത്. പിന്നീട്, തിരുനാവായ പാതയുടെ നിർമ്മാണം അനന്തമായി നീണ്ടു. ഗുരുവായൂരിലെ യാർഡ് വികസനം തിരുനാവായ പദ്ധതിയിൽ നിന്നും വേർപെടുത്തി ഒരു സ്വതന്ത്ര പ്രവൃത്തിയായി ഡിവിഷൻ തലത്തിൽ ഏറ്റെടുക്കണമെന്നായിരുന്നു യാത്രക്കാരുടെ ഏറെക്കാലമായുളള ആവശ്യം. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ഇപ്പോൾ നിർമ്മാണ പ്രവൃത്തികൾക്കുള്ള ദർഘാസുകൾ ക്ഷണിച്ചത്. ഒരു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്.