വടക്കാഞ്ചേരി : മച്ചാട് റെയ്ഞ്ചിന് കീഴിലെ വനമേഖലയെ വിറപ്പിക്കുന്ന കൊമ്പനെ തുരത്താൻ 42 അംഗ വനപാലക സംഘത്തിന്റെ തെരച്ചിൽ. കഴിഞ്ഞ കുറച്ച് നാളുകളായി അകമല മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കൊമ്പൻ മാറിയ സാഹചര്യത്തിലാണ് വനപാലകർ രംഗത്തെത്തിയത്. പ്രത്യേക പരിശീലനം ലഭിച്ച ഒരു ട്രാക്കർ, മൂന്ന് ഡ്രൈവിംഗ് ടീമുകളാണ് ഇന്നലെ വനത്തിൽ പ്രവേശിച്ചത്. ഓരോ ടീമും ആനയെ തേടി 10 കിലോമീറ്ററോളം ഉൾവനത്തിൽ എത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. വഴിയിൽ ഉടനീളം പിണ്ഡങ്ങൾ കണ്ടത് ആന ഉൾവനത്തിലേക്ക് കടന്നു എന്നതിന്റെ സൂചനയായി ഉദ്യോഗസ്ഥർ പറഞ്ഞു. ഡി.എഫ്.ഒ രവികുമാർ മീണ ഐ.എഫ് എസിന്റെ നേതൃത്വത്തിലായിരുന്നു വന പരിശോധന.
പട്ടിക്കാട്, മാന്ദാമംഗലം , വടക്കാഞ്ചേരി, വാഴാനി , മായന്നൂർ ഫോറസ്റ്റ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധനക്ക് എത്തിയത്. മച്ചാട് റെയ്ഞ്ച് ഓഫീസർ ആർ.ആനന്ദ്, അശോക് രാജ്, ലുധിഷ്, സൗമ്യ, ഷിനു.എസ്.മുഹമ്മദ്, പി.വിനോദ്, ഫോറസ്റ്റ് വെറ്ററിനറി സർജൻ മിഥുൻ എന്നിവർ നേതൃത്വം നൽകി.
ജനകീയ ആശങ്ക പരിഹരിക്കും
ആനകൾ വനമേഖലയിൽ ഇറങ്ങാതിരിക്കാൻ ശക്തമായ നടപടികൾ വനം വകുപ്പ് സ്വീകരിക്കുമെന്ന് മച്ചാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ.ആനന്ദ്. ആനത്താരകൾ കേന്ദ്രീകരിച്ച് ആനകളെ ട്രാക്ക്‌ചെയ്യാനും ജനവാസ മേഖലയിലേക്ക് എത്താതിരിക്കാനും വന മേഖലകളിൽ ട്രഞ്ചുകൾ ഉൾപ്പെടെ സ്ഥാപിക്കുന്നത് പരിഗണനയിലാണ്. ഡ്രോൺപരിശോധന കൂടുതൽ ശക്തമാക്കും.