കൊടുങ്ങല്ലൂർ : നഗരസഭയുടെ കക്കൂസ് മാലിന്യ സംസ്‌കരണ മൊബൈൽ യൂണിറ്റ് കരാറിൽ വൻ അഴിമതി നടന്നതായി ബി.ജെ.പി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മാലിന്യ സംസ്‌കരണം നടത്തുന്നതിന് ഭൗമ എൻവിറോട്ടിക്ക് കമ്പനിയുമായി നഗരസഭ ഏർപ്പെട്ടിട്ടുള്ള കരാർ ദുരൂഹതയുള്ളതും വൻ അഴിമതിക്ക് വഴിയൊരുക്കുന്നതുമാണെന്നാണ് ആരോപണം. നഗരസഭയ്ക്ക് പ്രതികൂലമായതും സാമ്പത്തിക നഷ്ടം വരുത്തുന്നതുമായ വ്യവസ്ഥകളാണ് കരാറിലുള്ളത്. കരാർ വ്യവസ്ഥകളിൽ കമ്പനിക്ക് ഗുണകരമായ കാര്യങ്ങളാണുള്ളതെന്നും ഇതു സംബന്ധിച്ച രേഖകൾ പോലും നഗരസഭ പ്രതിപക്ഷ കൗൺസിലർമാർക്ക് നൽകുന്നില്ലെന്നും ബി.ജെ.പി നേതാക്കൾ പറഞ്ഞു. കരാർ നടപടിയെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്.വിനോദ്, പ്രതിപക്ഷ നേതാവ് ടി.എസ്.സജീവൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എൻ.ജയദേവൻ, കെ.പി.ഉണ്ണിക്കൃഷ്ണൻ, എൽ.കെ.മനോജ്, കൗൺസിലർ രശ്മി ബാബു എന്നിവർ ആവശ്യപ്പെട്ടു.