കൊടുങ്ങല്ലൂർ: മേഖലയിൽ മോട്ടോർ ബൈക്ക് മോഷണം പതിവാകുമ്പോഴും നോക്കുകുത്തിയാകുകയാണ് പൊലീസ്. സി.സി.ടി വി ക്യാമറ നിരീക്ഷണമുള്ള തിരക്കേറിയ സ്ഥലങ്ങളിൽ നിന്നു പോലും ബൈക്കുകൾ മോഷ്ടിച്ചു കടത്തുന്നു. മാസ്‌ക് ധരിച്ചാണ് കവർച്ച. പലപ്പോഴും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാലും മുഖം വ്യക്തമാകുന്നില്ല. ബൈക്കുകളിൽ നിന്നും പെട്രോൾ ഊറ്റുന്നതും പതിവാണ്. ലഹരിയിടപാടുകൾക്കായാണ് കുട്ടികൾ ബൈക്ക് മോഷ്ടിക്കുന്നതെന്ന സംശയവുമുണ്ട്.
കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാഴ്ചയ്ക്കിടെ നാല് ബൈക്കാണ് മോഷ്ടിച്ചത്. മോഷണം വർദ്ധിച്ചതോടെ പൊലീസ് പരിശോധന ശക്തമാക്കി.
മേത്തല വില്ലേജിലെ പടന്നയിൽ നിന്നും കടുക്കച്ചുവട്ടിൽ നിന്നുമാണ് ഇന്നലെ രണ്ട് ബൈക്ക് മോഷണം പോയത്. മേത്തല പുത്തൻ തെരുവിൽ മുനീറിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കും കടുക്കച്ചുവട് ചാലപ്പറമ്പിൽ സിബിന്റെ വീടിന്റെ മുമ്പിൽ സൂക്ഷിച്ചിരുന്ന ബൈക്കുമാണ് മോഷണം പോയത്. യമഹ കമ്പനിയുടെ വിവിധ മോഡൽ ബൈക്കാണ് കഴിഞ്ഞ ആഴ്ച മോഷ്ടിച്ചത്. വീണ്ടും വിറ്റാലും പണം കൂടുതൽ കിട്ടുമെന്നതിനാലാണ് യമഹ ബൈക്കുകൾ കൂടുതൽ മോഷ്ടിക്കുന്നതെന്നാണ് വിവരം.
കഴിഞ്ഞ കുറെ നാളായി മേഖലയിൽ ബൈക്ക് മോഷണം തുടരുകയാണ്. രജിസ്റ്റർ ചെയ്തിട്ടുള്ള ഭൂരിഭാഗം മോഷണക്കേസിലും പ്രതികളെ പിടികൂടാൻ പൊലീസിനായിട്ടില്ല. ഇതാണ് മോഷണം വർദ്ധിക്കാൻ ഇടയാക്കുന്നതെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
പിടിയിലായതിൽ ഏറെയും കൗമാരക്കാർ
രാത്രിയിൽ പൂട്ടിപ്പോകുന്ന കടകൾ പൊളിച്ച് അകത്തുകയറി ചില്ലറ മോഷണം നടത്തിവന്നിരുന്ന ഒരു സംഘത്തെ അടുത്ത കാലത്ത് പൊലീസ് പിടി കൂടിയിരുന്നു. ഇതിൽ പിടിയിലായവരെല്ലാം കൗമാരക്കാരായിരുന്നു. ലഹരി ഇടപാടിനായാണ് ഈ മോഷണമെന്ന സംശയത്തിൽ ആ നിലയിലാണ് പൊലീസിന്റെ അന്വേഷണം.