c

ആറാട്ടുപുഴ: പൂരങ്ങളും ഉത്സവങ്ങളും വേലകളും സംരക്ഷിക്കുന്നതിനായി ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രതീകാത്മക പൂരം സംഘടിപ്പിച്ചു. ആനകളില്ലാത്ത പൂരത്തിന് 15 നെറ്റിപ്പട്ടങ്ങളും ചാമരം, ആലവട്ടം, കുട, കോലം എന്നിവ നിരന്നു. മേള പ്രമാണി പെരുവനം കുട്ടൻ മാരാർ ദീപം കൊളുത്തി. തുടർന്ന് കൈപ്പന്തങ്ങളിലേക്ക് ദീപം പകർന്നു. തുടർന്ന് പഞ്ചാരിമേളം ഉണ്ടായിരുന്നു. പെരുവനം കുട്ടൻ മാരാർ ഉരുട്ട് ചെണ്ടയിലും പെരുവനം ഗോപാലകൃഷ്ണൻ വലന്തലയിലും കീഴൂട്ട് നന്ദനൻ കുറുങ്കുഴലിലും കുമ്മത്ത് രാമൻകുട്ടി നായർ കൊമ്പിലും കുമ്മത്ത് നന്ദനൻ ഇലത്താളത്തിലും പ്രമാണിമാരായി. പൂരങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നവരും സംഘാടകരും ഭക്തരും ആസ്വാദകരും വിവിധ ക്ഷേത്ര ക്ഷേമ സമിതികളും പങ്കെടുത്തു. പ്രസിഡന്റ് സി.സുധാകരൻ, വൈസ് പ്രസിഡന്റ് കെ.വിശ്വനാഥൻ, സെക്രട്ടറി കെ.രഘുനന്ദനൻ, ജോയിന്റ് സെക്രട്ടറി രവി ചക്കോത്ത്, ട്രഷറർ കെ.കെ.വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.