mathhi

തൃശൂർ: ഈയിടെ കേരളതീരങ്ങളിൽ വ്യാപകമായി മത്തിക്കൂട്ടമെത്തിയത് മഴയിൽ രൂപപ്പെട്ട, ജലോപരിതലത്തിൽ ഒഴുകിനടക്കുന്ന ജീവജാലങ്ങളെ (പ്ളവകങ്ങൾ) ഭക്ഷിക്കാനെന്ന് വിദഗ്ദ്ധർ. ചാകരയല്ല, കാലം തെറ്റിയുള്ള മഴയെ തുടർന്നുള്ള പ്രതിഭാസമാണിതെന്നും ചൂണ്ടിക്കാട്ടുന്നു. വേനൽക്കാലത്തിന് സമാനമായി ചൂട് തുടങ്ങുകയും അപ്രതീക്ഷിതമായി ന്യൂനമർദ്ദം ശക്തിപ്രാപിച്ച് കനത്തമഴയുണ്ടാകുകയും ചെയ്തതോടെയാണ് മത്തി സമൃദ്ധമായി തീരത്തെത്തിയത്. മഴയിൽ മണ്ണിലെ സിലിക്കേറ്റ് കടലിലേക്കെത്തും. ഇതിന്റെ ഫലമായി പ്‌ളവകങ്ങൾ ധാരാളമായി രൂപപ്പെടും. ഇത് ഭക്ഷിക്കാനാണ് മത്തിക്കൂട്ടമെത്തുന്നത്. കാലാവസ്ഥ മാറുന്നതോടെ മത്തിക്കൂട്ടം മടങ്ങും.

മത്തികൾ സാധാരണയായി കൂട്ടമായാണ് കടലിൽ സഞ്ചരിക്കുന്നതും ഭക്ഷണം തേടുന്നതും. മാസങ്ങൾക്ക് മുൻപ് കിലോഗ്രാമിന് നാനൂറ് രൂപയോളമുണ്ടായിരുന്ന മത്തി കിട്ടാനില്ലാത്ത നിലയിലായിരുന്നു. ഇപ്പോൾ ചില്ലറ വിൽപ്പനശാലകളിൽ അമ്പത് രൂപയോളമാണ് കിലോയ്ക്ക്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കിട്ടുന്ന മീനുകളിൽ 90 ശതമാനത്തിലേറെയും മത്തിയാണ്.

ഓക്‌സിജനും പ്രശ്‌നം

അറബിക്കടലിൽ ഓക്‌സിജന്റെ നിശ്ചിത അളവുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം ഇതിലും ഏറ്റക്കുറച്ചിലുണ്ടായി. ഓക്‌സിജൻ കുറഞ്ഞ സോണുകൾ വ്യാപിക്കുമ്പോൾ മത്തിയെപ്പോലുള്ള മീനുകൾക്ക് അതിജീവിക്കാനാവില്ല. കടലിന്റെ ആഴങ്ങളിലല്ല മത്തികൾ സാധാരണയുണ്ടാകുന്നത്. അതുകൊണ്ട് തീരങ്ങളിൽ ഓക്‌സിജൻ കൂടുതലുളള തീരങ്ങളിലെ സോണിലേക്ക് കൂട്ടമായെത്തും. ഈ പ്രതിഭാസത്തിനും ഏറ്റക്കുറച്ചിൽ വരാം. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കടലിലുണ്ടാകുന്ന മാറ്റങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്ന മീനുകളിലൊന്ന് മത്തിയാണ്. കാലാവസ്ഥാ വ്യതിയാനം ഏതൊക്കെ രീതിയിലാണ് സമുദ്ര സമ്പത്തിന് ഭീഷണിയാകുന്നതെന്ന് മത്തിയെ കുറിച്ച് പഠിച്ചാൽ കണ്ടെത്താം.

മത്തിക്ക് ഔഷധഗുണവും

തീറ്റ നിർമ്മാണം, വളം, മീനെണ്ണ ഉപയോഗിച്ചുള്ള ഔഷധം തുടങ്ങിയവയ്ക്കും മത്തി ഉപയോഗിക്കുന്നു.
ലാർവകൾ, ആൽഗകൾ, ജീർണിച്ച സസ്യാവശിഷ്ടങ്ങൾ എന്നിവ ഭക്ഷിക്കുന്നതിനാൽ പോഷകഗുണമേറെ
ഒമേഗ 3, പ്രോട്ടീൻ, വൈറ്റമിൻ എ, ഡി, ബി 12 എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ പല രോഗങ്ങളെയും പ്രതിരോധിക്കും

മത്തി തീരത്തടിയുന്നത് നിരീക്ഷിക്കുന്നുണ്ട്. മത്തിയുടെ ആഹാരമായ സസ്യ പ്ലവകങ്ങൾ പെട്ടെന്നുള്ള മഴയിൽ കൂടിയതും ഓക്‌സിജൻ കുറഞ്ഞതുമെല്ലാം പ്രധാനകാരണങ്ങളാണ്.

ഡോ.ഗ്രിൻസൻ ജോർജ്
ഡയറക്ടർ, സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് (സി.എം.എഫ്.ആർ.ഐ.)