അത്താണി: വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ പാർളിക്കാട് റെയിൽവേ മേൽപ്പാലം അനുവദിച്ചതോടെ എങ്കക്കാട് ഗേറ്റ് ഒഴിവാക്കി മേൽപ്പാലം നിർമ്മിക്കണമെന്ന ജനകീയ ആവശ്യം യാഥാർത്ഥ്യമാകാൻ ഇനിയും കാത്തിരിക്കണം. നിലവിൽ 18 മണിക്കൂറാണ് എങ്കക്കാട് റെയിൽവേ ഗേറ്റ് അടച്ചിടുന്നത്. എങ്കക്കാട്, മങ്കര,കരുമത്ര, വിരുപ്പാക്ക, വാഴാനി ഡാം എന്നീ സ്ഥലങ്ങളിലേക്ക് പോകുന്നവർക്ക് മുന്നിൽ ദുരിതത്തിന്റെ കോട്ടയാണ് എങ്കക്കാട് റെയിൽവേ ഗേറ്റ്. അടച്ചാൽ ഇരു ഭാഗത്തും വാഹനങ്ങളുടെ നിര കിലോമീറ്ററോളം നീളും. രണ്ടും മൂന്നും ട്രെയിനുകൾ പോയതിനുശേഷമാണ് ഭൂരിഭാഗം സമയത്തും ഗേറ്റ് തുറക്കുന്നത്. വന്ദേഭാരത് ട്രെയിൻ എത്തിയതോടെ ജനദുരിതം ഇരട്ടിയായെന്ന് ജനങ്ങൾ പറയുന്നു. ട്രെയിൻ ഷൊർണൂരും മുളങ്കുന്നത്തുകാവും വിട്ടാൽ ഗേറ്റ് അടച്ചിടും. 8-ാം നമ്പർ ഗേറ്റായ എങ്കക്കാട് ഒഴിവാക്കി മേൽപ്പാലം നിർമ്മിക്കണമെന്ന് ആവശപ്പെട്ട് നൂറ് കണക്കിന് പേർ ഒപ്പിട്ട നിവേദനം ജനപ്രതിനിധികൾക്കും റെയിൽവേക്കും മേൽപ്പാല ആക്ഷൻ കൗൺസിൽ സമർപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ഗേറ്റ് പരിസരത്ത് പ്രതിഷേധ സംഗമവും സംഘടിപ്പിച്ചിരുന്നു.
എന്നാൽ റെയിൽവേ മേൽപ്പാലം വരുന്ന പാർളിക്കാട് ഗേറ്റ് മറികടക്കുന്നതിന് മറ്റ് സമാന്തര പാതകൾ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.
പാലം വരുന്നത് കുറാഞ്ചേരി
റെയിൽവെ മേൽപ്പാലത്തിന് സമീപം
കുറാഞ്ചേരി റെയിൽവെ മേൽപ്പാലത്തിന് സമീപത്താണ് പാർളിക്കാട് മേൽപ്പാലം യാഥാർത്ഥ്യമാകുന്നത്. പാർളിക്കാട് സംസ്ഥാനപാതയിൽ വ്യാസ കോളേജ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് പാർളിക്കാട് ഗേറ്റിലേക്കുള്ള പ്രധാനവഴി. വ്യാസ കോളജ് ,വ്യാസ തപോവനം, ഹിന്ദ് നവോത്ഥാൻ പ്രതിഷ്ഠാൻ സഭാനികേതൻ, തലപ്പിള്ളി താലൂക്ക് എസ്.എൻ.ഡി.പി യൂണിയൻ ഓഫീസ്, വടക്കാഞ്ചേരി എം. ആർ.സ്‌കൂൾ എന്നിവിടങ്ങളിലേക്കും വടക്കാഞ്ചേരി റെയിൽവേ സ്‌റ്റേഷന്റെ പുറകുവശത്തേക്കും ഈ വഴിയെത്താം. വടക്കാഞ്ചേരി ചാവക്കാട് സംസ്ഥാന പാതയിൽ കാഞ്ഞിരക്കോടും എത്താനാകും.
അടുത്ത ദിവസം കേന്ദ്ര റെയിൽവേ മന്ത്രിയെ നേരിൽ കണ്ട് എങ്കക്കാട് മേൽപ്പാലത്തിന് വേണ്ടി നിവേദനം സമർപ്പിക്കും.
-ആക്ഷൻ കൗൺസിൽ