 
ചേർപ്പ് : ശക്തമായ മഴയിൽ ചേർപ്പ് മേഖലയിൽ വ്യാപക കൃഷിനാശം. ചേനത്തുകോൾ, തുരുത്ത് പാടശേഖരങ്ങളിൽ 350 ഏക്കർ വരുന്ന സ്ഥലത്തെ നെൽകൃഷിയാണ് മഴയിൽ നശിച്ചത്. ന്യൂനമർദ്ദത്തെത്തുടർന്ന് കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴയിലാണ് വെള്ളം കയറി വ്യാപകമായി നെൽക്കൃഷി നശിച്ചത്. ജൂബിലി തേവർപ്പടവിലെ താഴ്ന്ന പ്രദേശമായ ചേനത്തുകോൾ, തുരുത്ത്, പാടശേഖരം എന്നിവിടങ്ങളിൽ കഴിഞ്ഞ എട്ട് ദിവസമായി വെള്ളം മൂടി കിടക്കുകയാണ്. ചേർപ്പ് ജൂബിലി തേവർ പടവ് പാടശേഖരത്തിലെ പമ്പുസെറ്റ് തകരാറിലായത് മൂലം വെള്ളം വറ്റിക്കാനാകാത്ത സ്ഥിതിയാണ്. ചേനംകര മുതൽ മുള്ളക്കര പാലം വരെയുള്ള ഇറിഗേഷൻ ചാലിന്റെ ആഴം വർദ്ധിപ്പിച്ച് വെള്ളത്തിന്റെ ഒഴുക്ക് കൂട്ടിയാൽ മാത്രമേ പാടശേഖരങ്ങളിലെ വെള്ളം പൂർണമായും ഒഴിയൂ. കൃഷി നാശം മൂലം ലോണെടുത്തും കടം വാങ്ങിയും കൃഷി നടത്തിയ നൂറുകണക്കിന് കർഷകർക്കാണ് ലക്ഷക്കണക്കിന് രൂപയുടെ നാശമുണ്ടായത്. പലരും കൃഷി തുടർന്ന് നടത്താനാകാതെ സാമ്പത്തിക പരാധീനതകളിലായിരിക്കയാണ്.
നെൽക്കൃഷി നാശമുണ്ടായ ചേനത്തുകോൾ, തുരുത്ത് പടവ് എന്നിവിടങ്ങളിൽ സി.സി. മുകുന്ദൻ എം.എൽ.എയും കർഷക സംഘം നേതാക്കളും സന്ദർശിച്ചു. പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ, വാർഡ് അംഗം സുബിത സുഭാഷ്, പാറളം, ചേർപ്പ് കൃഷി ഓഫീസർമാരായ നിവേദിത, ഡിറ്റി മരിയ, പി.ബി. ഷാജൻ എന്നിവരും എം.എൽ.എയ്‌ക്കൊപ്പമുണ്ടായിരുന്നു. കർഷക സംഘം ജില്ലാ പ്രസിഡന്റ് പി.ആർ. വർഗീസ്, ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് പെല്ലിശ്ശേരി, സി.പി.എം പാറളം ലോക്കൽ സെക്രട്ടറി ടി.ജി. വിനയൻ, ജെയിംസ് പി. പോൾ, ഇ.എ. ഷാബീർ, മനോജ് പണിക്കശ്ശേരി, പി.എസ്. ഷാജി എന്നിവരാണ് ഇന്നലെ കൃഷിനാശമുണ്ടായ പാടശേഖരങ്ങൾ സന്ദർശിച്ചത്. ചേർപ്പ് ജൂബിലി തേവർ പടവ് പാടശേഖര സമിതിയുടെ വിഴ്ചയാണ് സ്ഥിതി ഗുരുതരമാക്കിയതെന്നും പാടശേഖരത്തിലെ തകരാറിലായ പമ്പുസെറ്റ് മാറ്റി വെള്ളം വറ്റിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും കർഷക സംഘം നേതാക്കൾ ആവശ്യപ്പെട്ടു.
നെൽക്കൃഷി നശിച്ച കർഷകർക്ക് നെൽവിത്ത് ഉൾപ്പെടെ ധനസഹായം ലഭിക്കാൻ നടപടി സ്വീകരിക്കും. ചേനത്തുകോളിൽ പുതിയ മോട്ടോറും ട്രാൻസ്‌ഫോർമറും സ്ഥാപിക്കാനും ചേനംകര മുതൽ മുള്ളക്കര പാലം വരെയുള്ള ഇറിഗേഷൻ ചാൽ ആഴം വർദ്ധിപ്പിച്ച് വെള്ളത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കാനും ആവശ്യമായ പദ്ധതി തയ്യാറാക്കും. കെ.എൽ.ഡി.സി ഇറിഗേഷൻ ഡിപ്പാർട്ടുമെന്റുകളുടെ കൂട്ടായ്മയോടെ റീബിൽഡ് കേരള പദ്ധതിയുടെയും നബാർഡിന്റെയും സഹായത്തോടെ അടിയന്തര ഇടപെടൽ നടത്തും.
- സി.സി. മുകുന്ദൻ
(എം.എൽ.എ)